ഇന്ത്യൻ നിയമവ്യവസ്ഥയെയും അന്വേഷണ ഏജൻസികളെയും പരോക്ഷമായി പരിഹസിച്ചുകൊണ്ട് വ്യവസായികളായ ലളിത് മോദിയും വിജയ് മല്യയും. മല്യയുടെ ജന്മദിനാഘോഷത്തിന്റെ വീഡിയോയിൽ തങ്ങളെ രാജ്യത്തെ ‘ബിഗ്ഗസ്റ്റ് ഫ്യുജിറ്റീവ്‌സ്’ (ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ) എന്ന് ലളിത് മോദി സ്വയം വിശേഷിപ്പിച്ചതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഈ വീഡിയോ ലളിത് മോദി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചതോടെ വലിയ വിമർശനങ്ങൾക്കും പ്രതികരണങ്ങൾക്കുമാണ് ഇടയായിരിക്കുന്നത്.
വിജയ് മല്യയുടെ പിറന്നാൾ ആഘോഷത്തിനിടെ ചിത്രീകരിച്ച വീഡിയോയിൽ, താനും മല്യയും ഇന്ത്യയുടെ ‘ബിഗ്ഗസ്റ്റ് ഫ്യുജിറ്റീവ്‌സ്’ ആണെന്നാണ് ലളിത് മോദി പറയുന്നത്. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള കേസുകളിൽപ്പെട്ട് രാജ്യത്തിന് പുറത്ത് കഴിയുന്ന ഇരുവരും ഇന്ത്യൻ സർക്കാരിനെ പരിഹസിക്കുന്നതായാണ് ഈ വീഡിയോ കണ്ട് നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടത്.
“ഇന്ത്യൻ സർക്കാരിനെ അവർ എത്രമാത്രം പരിഹസിച്ചു”, എന്നും “ഇന്ത്യയിലെ നിയമസംവിധാനം ലജ്ജിക്കണം, കാരണം ഇത്തരമൊരു ഒരു വീഡിയോ ചെയ്യാൻ അവർ ധൈര്യപ്പെട്ടു”, എന്നും ഉള്ള പ്രതികരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെയും (ഇഡി) സിബിഐയെയും ഇവർ കളിയാക്കുകയാണെന്നും ചിലർ ചൂണ്ടിക്കാട്ടി.
ലളിത് മോദിയുടെ വീഡിയോ ചർച്ചയായിരിക്കെ, മല്യയുടെ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണവും ഉണ്ടായി. സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതിനെതിരായ ഹർജി പരിഗണിക്കുന്നതിനിടെ, എപ്പോൾ ഇന്ത്യയിലേക്ക് തിരിച്ചുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി വിജയ് മല്യയോട് ആരാഞ്ഞു.
നേരിട്ട് ഹാജരായില്ലെങ്കിൽ ഹർജി പരിഗണിക്കില്ലെന്നും മല്യയുടെ അഭിഭാഷകന് കോടതി മുന്നറിയിപ്പ് നൽകി. 2016 മുതൽ യുകെയിൽ കഴിയുന്ന മല്യ, തന്നെ പിടികിട്ടാപ്പുള്ളി സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ച ഉത്തരവിനെയും 2018-ലെ നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെയും ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ രണ്ട് ഹർജികൾ സമർപ്പിച്ചിട്ടുണ്ട്.
2019 ജനുവരിയിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) അനുസരിച്ചുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
ഐപിഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് മുൻ ഐപിഎൽ ചെയർമാനായിരുന്ന ലളിത് മോദിക്കെതിരെ നിലനിൽക്കുന്നത്. 2010-ലാണ് അദ്ദേഹം രാജ്യം വിട്ടത്.
2009-ലെ ഐപിഎല്ലിന്റെ സംപ്രേക്ഷണ അവകാശങ്ങൾ വിതരണം ചെയ്തതിൽ ക്രമക്കേട് നടത്തിയെന്നും, ഇതിന് പ്രതിഫലമായി 125 കോടിയിലധികം രൂപ കൈക്കൂലി വാങ്ങിയെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ഒന്നിലധികം വായ്പാ തിരിച്ചടവുകളിൽ വീഴ്ച വരുത്തിയെന്നും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങൾ നേരിടുന്നെന്നും പറയപ്പെടുന്ന ലളിത് മോദി 2016 മാർച്ചിലാണ് ഇന്ത്യ വിട്ടത്.
രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങളെ വഞ്ചിച്ച് വിദേശത്ത് സുഖമായി കഴിയുന്ന പ്രമുഖർ, ഇന്ത്യൻ നിയമസംവിധാനത്തെ പരസ്യമായി പരിഹസിക്കുമ്പോൾ, ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എത്രനാൾ കാത്തിരിക്കേണ്ടിവരും എന്ന ചോദ്യമാണ് ഈ വീഡിയോയിലൂടെ പൊതുസമൂഹത്തിൽ ഉയരുന്നത്.
VIDEO CREDIT: NEWS 18 KERALA
















