ഹരിയാനയിലെ പാനിപ്പത്ത് റിഫൈനറിക്ക് സമീപമുള്ള വിജനമായ കാടുപിടിച്ച പ്രദേശത്ത് നിന്ന് അഴുകിയ നിലയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നു. തലയില്‍ വെടിയുണ്ട തുളച്ചുകയറിയ പാടുകള്‍ ഉണ്ടായിരുന്നു. രണ്ടാഴ്ച മുന്‍പ് ഡല്‍ഹിയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ നാന്‍സി ശര്‍മ്മയുടേതായിരുന്നു മൃതദേഹം. ഒരു വലിയ പ്രണയകഥയുടെ ദാരുണമായ അന്ത്യമായിരുന്നു അവിടെ കണ്ടത്. 2019 നവംബര്‍ 27 നായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കൈകള്‍ സ്വന്തം ഭര്‍ത്താവ് തന്നെയായിരുന്നു എന്നറിയുമ്പോഴാണ് പ്രണയത്തിന്റെയും ചതിയുടെയും തുരുള്‍ അഴിയുന്നത്.
ഡല്‍ഹിയിലെ ജനക്പുരിയില്‍ ഒരു സാധാരണ മധ്യവര്‍ഗ്ഗ കുടുംബത്തിലായിരുന്നു നാന്‍സി ജനിച്ചത്. പ്ലസ് ടുവിന് ശേഷം ഇവന്റ് മാനേജ്മെന്റ് രംഗത്തേക്ക് തിരിഞ്ഞ നാന്‍സി, തന്റെ പതിനാറാം വയസ്സില്‍ ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ വെച്ചാണ് സാഹില്‍ ചോപ്രയെ കണ്ടുമുട്ടുന്നത്. സമ്പന്നനായ ഒരു യൂസ്ഡ് കാര്‍ ഡീലറുടെ മകനായിരുന്നു സാഹില്‍. ആ ആദ്യക്കാഴ്ച പെട്ടെന്ന് തന്നെ കടുത്ത പ്രണയത്തിലേക്ക് വളര്‍ന്നു. മണിക്കൂറുകളോളം നീളുന്ന ഫോണ്‍ വിളികളും കൂടിക്കാഴ്ചകളും പതിവായി. ബന്ധം സീരിയസ് ആയതോടെ, സാഹില്‍ നാന്‍സിയുടെ അച്ഛന്‍ സഞ്ജയ് ശര്‍മ്മയെ കണ്ട് വിവാഹാഭ്യര്‍ത്ഥന നടത്തി.
എന്നാല്‍ മകളുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ള സഞ്ജയ്, സാഹിലിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മദ്യപാനവും മറ്റ് പെണ്‍കുട്ടികളുമായുള്ള വഴിവിട്ട ബന്ധങ്ങളും അയാളുടെ ശീലമാണെന്ന് കണ്ടെത്തി. അതിനാല്‍ വിവാഹത്തിന് അദ്ദേഹം സമ്മതിച്ചില്ല. എന്നാല്‍ പ്രണയത്തില്‍ അന്ധയായ നാന്‍സി അച്ഛനുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി. ജനക്പുരിക്ക് സമീപം ഒരു വാടക ഫ്‌ളാറ്റില്‍ സാഹിലിനൊപ്പം താമസം തുടങ്ങി. ഒടുവില്‍ 2019 മാര്‍ച്ച് 7ന് ഒരു ക്ഷേത്രത്തില്‍ വെച്ച് അവര്‍ രഹസ്യമായി വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടതോടെ കഥ മാറിമറിഞ്ഞു. 2019 ഒക്ടോബറോടെ സാമ്പത്തിക പ്രതിസന്ധിയും സംശയവും അവരുടെ ഇടയില്‍ വില്ലനായി.
നാന്‍സിയുടെ ഒരു പെന്‍ഡ്രൈവില്‍ പഴയ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ സാഹില്‍ കണ്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. അവള്‍ക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന് അയാള്‍ സംശയിച്ചു. ഇതിനിടെ ബിസിനസ് തകര്‍ന്ന് കടക്കെണിയിലായ സാഹില്‍, നാന്‍സിയോട് അവളുടെ വീട്ടില്‍ നിന്ന് 30 ലക്ഷം രൂപ വാങ്ങിവരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങള്‍ ആരംഭിച്ചു. നവംബര്‍ 10ന് സാഹില്‍ വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും, ‘മരണം വരെ നമ്മള്‍ ഒന്നിച്ചായിരിക്കും’ എന്നുപറഞ്ഞ് നാന്‍സി അത് നിരസിച്ചു. എന്നാല്‍, നാന്‍സി പറഞ്ഞ ആ വാക്ക് അക്ഷരാര്‍ത്ഥത്തില്‍ സത്യമാക്കാന്‍ തന്നെ സാഹില്‍ തീരുമാനിക്കുകയായിരുന്നു.
നാന്‍സിയെ എന്നന്നേക്കുമായി ഒഴിവാക്കാന്‍ സാഹില്‍ ഉറപ്പിച്ചു. തന്റെ വിശ്വസ്തരായ ജീവനക്കാരന്‍ ശുഭമിനെയും, കസിന്‍ ബാദലിനെയും ഇതിനായി കൂട്ടുപിടിച്ചു. നവംബര്‍ 11ന്, എല്ലാം മറന്ന് ഒരു പുതിയ ജീവിതം തുടങ്ങാന്‍ നമുക്ക് പാനിപ്പത്തിലേക്ക് ഒരു യാത്ര പോകാമെന്ന് സാഹില്‍ നാന്‍സിയോട് പറഞ്ഞു. അത് വിശ്വസിച്ച നാന്‍സി സന്തോഷത്തോടെ യാത്രയ്ക്ക് തയ്യാറായി. കാര്‍ ഓടിച്ചിരുന്നത് ശുഭമായിരുന്നു. ബാദല്‍ മുന്‍സീറ്റിലും, പിന്‍സീറ്റില്‍ നാന്‍സിയും സാഹിലും ഇരുന്നു. യാത്രയിലുടനീളം സാഹില്‍ വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. എന്നാല്‍ പാനിപ്പത്ത് എത്തിയപ്പോള്‍, വിജനമായ ഒരിടത്ത് വെച്ച് കാര്‍ നിര്‍ത്തി.
പുറത്തിറങ്ങിയ ഉടനെ, ഒട്ടും അമാന്തിക്കാതെ സാഹില്‍ തന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് നാന്‍സിയുടെ തലയിലേക്ക് രണ്ടു തവണ വെടിയുതിര്‍ത്തു. അവള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം അവിടെ ഉപേക്ഷിച്ച് നാന്‍സിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അവര്‍ സ്ഥലം വിട്ടു. മകളെക്കുറിച്ച് വിവരമൊന്നുമില്ലാതായപ്പോള്‍ അച്ഛന്‍ സഞ്ജയ് ശര്‍മ്മ പോലീസില്‍ പരാതി നല്‍കി. കേസില്‍ നിര്‍ണ്ണായകമായത് നാന്‍സിയുടെ സുഹൃത്തായ അഞ്ജലിയുടെ മൊഴിയാണ്. സാഹില്‍ നാന്‍സിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും, ‘എന്റെ ഫോണ്‍ 3 ദിവസം സ്വിച്ച് ഓഫ് ആണെങ്കില്‍ അതിന് ഉത്തരവാദി സാഹില്‍ ആയിരിക്കും’ എന്ന് നാന്‍സി തന്നോട് പറഞ്ഞിരുന്നതായും അഞ്ജലി വെളിപ്പെടുത്തി.
പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നവംബര്‍ 11ന് സാഹില്‍, ശുഭം, ബാദല്‍ എന്നിവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പാനിപ്പത്തിലായിരുന്നു എന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍, നാന്‍സിയെ കൊലപ്പെടുത്തിയ വിവരം അവര്‍ സമ്മതിച്ചു. നവംബര്‍ 27ന് അഴുകിയ നിലയില്‍ നാന്‍സിയുടെ മൃതദേഹം കണ്ടെടുത്തു. പ്രണയിച്ച പുരുഷന്‍ തന്നെ ഘാതകനായപ്പോള്‍, 20 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന നാന്‍സി ശര്‍മ്മ എന്ന പെണ്‍കുട്ടിയുടെ ജീവിതം പാനിപ്പത്തിലെ വിജനമായ പാതയോരത്ത് അവസാനിക്കുകയായിരുന്നു.
CONTENT HIGH LIGHTS; A girl’s decomposed body: bullet wounds on her head; suspicious husband, who became a devil for dowry
















