തിളക്കമാര്‍ന്ന കുഞ്ഞടുപ്പിനെക്കാള്‍ നിര്‍മ്മലമായിരുന്നു അവരുടെ ഹൃദയങ്ങള്‍. ക്രിസ്മസ് പാപ്പാ തൊപ്പിയും തൂ വെള്ളയുടുപ്പുകളും അണിഞ്ഞ് അവര്‍ ഒരുങ്ങി നിന്നു. ഏവരുടെയും മുഖത്ത് ആഘോഷത്തിന്റെ ആവേശവും ആഹ്ലാദവും. ബലൂണുകളും നക്ഷത്രങ്ങളും ഒരുക്കിയ സമിതി മുറ്റത്ത് മന്ത്രി അമ്മ സ്റ്റേറ്റ് കാറില്‍ പാഞ്ഞെത്തി ഹാളിലേക്ക് നടന്നു ചെന്നു. കുരുന്നുകളെ ഒരോരുത്തരുടെയും അടുത്തെത്തി വാരി പുണര്‍ന്നു. എല്ലാ പേര്‍ക്കും കൈകൊടുത്ത് ഹാപ്പി ക്രിസ്മസ്സും നേര്‍ന്നു.
കുരുന്നുകള്‍ ഉഷാറായി. മന്ത്രി അമ്മ, സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി യ്‌ക്കൊപ്പം മേശപ്പുറത്ത് ഒരുക്കിയിരുന്ന കേക്കിന്റെ അരികിലെത്തി. ഇതൊടെ ചിലര്‍ക്ക് നിയന്ത്രണം വിട്ടു പോയി. മേശക്കരികില്‍ ചുറ്റും കൂടി. ക്രിസ്മസ് പാട്ട് നമുക്ക് ഒത്തു പാടാമോ എന്ന് ആരാഞ്ഞ് മന്ത്രി വീണാ ജോര്‍ജ്. പടാമെന്ന് കുരുന്നുകളും. അവര്‍ ഒത്തു പാടി.
‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായി,
കാതോട് കാതോരം കേട്ടിരുന്നു
ദൈവപുത്രന്‍ പിറക്കുമെന്ന്’
മന്ത്രിയും സദസിലുള്ളവരും കുട്ടികളൊടൊപ്പം ഏറ്റുപാടി. അന്തരീക്ഷമാകെ ക്രിസ്മസ് ആരവം ഇരമ്പി. ക്യാമാറ കണ്ണുകള്‍ തുരുതുരെ ചിമ്മി. വര്‍ണ്ണാഭമായ ഉടുപ്പുകള്‍ അണിഞ്ഞ് കുഞ്ഞ് സുന്ദരീ സുന്ദരന്മാരും ചേട്ടന്‍മാരും ചേച്ചി മാരും അണിനിരന്ന പകല്‍ ശിശുക്ഷേമ സമിതിയില്‍ പുതിയൊരു സ്വര്‍ഗ്ഗം തീര്‍ത്തു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വീട് -ബാലിക മന്ദിരം, ചൈള്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നിവടങ്ങളിലെ കുട്ടികള്‍ക്കായി തിരുവനന്തപുരത്ത് തൈക്കാട് സമിതി ഹാളില്‍ സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടിയിലായിരുന്നു ഈ വേറിട്ടൊരനുഭവം.
പത്തനം തിട്ടയിലായിരുന്ന സംസ്ഥാന ശിശുക്ഷേമസമിതിയുടെ വൈസ് പ്രസിഡന്റ് കൂടിയായ മന്ത്രി വീണാ ജോര്‍ജ് പരിപാടിയില്‍ എങ്കെടുക്കാന്‍ അതിരാവിലെ പുറപ്പെട്ടാണ് രാവിലെ 9.30-ന് തൈക്കാട് എത്തിയത്. ഒന്നര വയസു മുതല്‍ അഞ്ചുവയസു വരെയുള്ള കുസൃതി കുടുക്കകളുടെയും ആറ് മുതല്‍ പതിനാറ് വയസ്സുവരെയുള്ള അല്പം സീരിയസു കാരുടെയും ചിരികളില്‍ അലിഞ്ഞ് മന്ത്രിയും സദസും. മന്ത്രിയും സമിതി ഭാരവാഹികളും കുട്ടികളും ചേര്‍ന്ന് ‘ഒത്തിരി വലിയ ‘ കേക്കു മുറിച്ച് പങ്കുവെച്ചു. സന്തോഷ പെരുമഴയ്ക്കിടെ അങ്ങിങ്ങ് ബലൂണുകള്‍ പ്പൊട്ടുന്ന ശബ്ദം.
ചിലര്‍ കിണുങ്ങി തുടങ്ങിയപ്പോള്‍ കൈയ്യില്‍ മിഠായിയും കേക്കും ബലൂണുകളും നല്‍കി കെട്ടിപ്പുണര്‍ന്ന് ആശ്വസിപ്പിക്കുന്ന കാഴ്ചയും ഗൃഹാതുരത്വമായി. കുട്ടികള്‍ പകരുന്ന സ്‌നേഹ വിതമ്പലുകള്‍ ലോകത്തിനായി പകര്‍ന്നു കൊടുക്കണമെന്ന് മന്ത്രി പറഞ്ഞു. ആഘോഷ പരിപാടിയില്‍ സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍. അരുണ്‍ ഗോപി, തിരുവനന്തപുരംചൈള്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോഹന്‍ രാജ്, ജില്ലാ ചൈള്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുജ.എസ്. ജെ, തിരുവനന്തപുരം റൂറല്‍ എസ്.പി. സുദര്‍ശനന്‍, സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പി.സുമേശന്‍ ജോയിന്റ് സെക്രട്ടറി മീരാ ദര്‍ശക്, ട്രഷറര്‍ കെ. ജയപാല്‍,എക്‌സിക്യുട്ടിവ് അംഗങ്ങളായ ഒ.എം. ബാലകൃഷ്ണന്‍, എം.കെ. പശുപതി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
CONTENT HIGH LIGHTS; No caste or religion, Christmas celebration of little angels with the minister at the Child Welfare Committee
















