വിസി നിയമനത്തിൽ സമവായത്തിന് തയാറായത് ഗവർണർ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ തന്നെ രണ്ടു തവണ വിളിച്ചെന്നും ഗവർണർ വിളിച്ചത് അനുസരിച്ചാണ് സംസാരിക്കാൻ പോയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇത്തരം കാര്യങ്ങളിൽ സമവായം ഉണ്ടാകണം എന്ന അഭിപ്രായക്കാർ തന്നെയാണ് സർക്കാരിന്. സുപ്രീംകോടതിയുടെ നിർദേശം വന്നപ്പോൾ അതിന്ന് അനുകൂലമായി പ്രതികരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർ വിളിക്കുമ്പോൾ മുട്ടാപ്പോക്ക് സമീപനം സ്വീകരിക്കുന്നത് ശരിയല്ലല്ലോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. സർവകലാശാല വിസിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിങ്ങളുമായി സംസാരിക്കേണ്ടതുണ്ട് എന്ന് ഗവർണർ പറഞ്ഞു. കണ്ടപ്പോൾ സമവായത്തിന് അദ്ദേഹം തയാറായി എന്ന് മുഖ്യമന്ത്രി പറഞ്ഞു. സർവകലാശലകളെ സംഘർഷ കേന്ദ്രമായി കാണാനല്ല ബഹു ഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നത്. സമവായം ഉണ്ടാക്കിയത് സർവകലാശാലകൾക്ക് ഗുണകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഭാഗമായി യൂണിവേഴ്സിറ്റികൾ ശാന്തമായ അന്തരീക്ഷത്തിൽ പോകണം. അതിന് ഈ നില തന്നെ തുടർന്നു സ്വീകരിച്ചു പോകണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അത് അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : CM Pinarayi Vijayan says Governor was ready for consensus on VC appointments
















