കാനഡയിലെ ടൊറന്റോ സർവകലാശാലയുടെ സ്കാർബറോ ക്യാമ്പസിന് സമീപം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു. ഗവേഷണ വിദ്യാർഥിയായ ശിവങ്ക് അവസ്തി (20) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:30-ഓടെ ഹൈലാൻഡ് ക്രീക്ക് ട്രയൽ ഭാഗത്താണ് വെടിയേറ്റ നിലയിൽ ശിവങ്കിനെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരിച്ചതായി ടൊറന്റോ പൊലീസ് സ്ഥിരീകരിച്ചു.
പൊലീസ് എത്തുന്നതിന് മുൻപേ പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. പ്രതികളെ കണ്ടെത്താനായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. വിവരങ്ങൾ ലഭിക്കുന്നവർ പൊലീസുമായോ ക്രൈം സ്റ്റോപ്പേഴ്സുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. പ്രതികളെക്കുറിച്ചുള്ള സൂചനകൾക്കായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
അതേസമയം ഈ വർഷം ടൊറന്റോയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന 41-ാമത്തെ കൊലപാതകമാണിത്. മലയാളികളടക്കം നിരവധി ഇന്ത്യൻ വിദ്യാർത്ഥികളാണ് കാനഡയിൽ പഠനം നടത്തുന്നത്. കൊലപാതക വിവരം പുറത്ത് വന്നതോടെ മലയാളികളടക്കം ആശങ്കയിലാണ്.
















