മൈസൂരു കൊട്ടാരത്തിന് സമീപം ബലൂണുകളിൽ നിറയ്ക്കുന്ന ഹീലിയം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. വ്യാഴാഴ്ച രാത്രി 8.30-ഓടെ കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് മുന്നിലായിരുന്നു അപകടം. ബലൂൺ കച്ചവടക്കാരനായ സലിം (40) ആണ് മരിച്ചത്. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലുള്ള തോഫിയ ഗ്രാമവാസിയാണ് ഇദ്ദേഹം. സിലിണ്ടർ പൊട്ടിത്തെറിക്കുമ്പോൾ സമീപത്തുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ വിദഗ്ധ ചികിത്സയിലാണ്. ക്രിസ്മസ് അവധിയോടനുബന്ധിച്ച് കൊട്ടാരത്തിന് മുന്നിൽ വലിയ തിരക്ക് അനുഭവപ്പെട്ട സമയത്താണ് അപകടമുണ്ടായത്. വൻ ശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. സംഭവത്തിൽ മൈസൂരു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















