ഒഡീഷയിൽ അന്യസംസ്ഥാന തൊഴിലാളിയെ ബംഗ്ലാദേശ് പൗരന്മാരാണെന്ന് സംശയിച്ചു ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിൽ നിന്നുള്ള ജുവൽ ഷെയ്ഖ് ആണ് ക്രൂര മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരുപാട് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഭവത്തിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട ജുവൽ ഷെയ്ഖും പശ്ചിമ ബംഗാളിൽ നിന്നുള്ള മറ്റ് തൊഴിലാളികളും സംബൽപുരിലെ അവരുടെ താമസസ്ഥലത്ത് ഭക്ഷണം തയ്യാറാക്കുകയായിരുന്നു. പെട്ടന്ന് ആറ് പുരുഷന്മാരടങ്ങുന്ന സംഘം ഇവർ താമസിക്കുന്നിടത്തേക്ക് ചെല്ലുകയും ബീഡി ആവശ്യപ്പെടുകയും ചെയ്തു. ബീഡി കൊടുക്കാൻ തൊഴിലാളികൾ വിസമ്മതിച്ചതോടെ വഴക്ക് തുടങ്ങുകയായിരുന്നു.
വഴക്ക് മൂർച്ഛിച്ചപ്പോൾ തൊഴിലാളികളോട് ആധാർ കാർഡ് ആവശ്യപ്പെടുകയും പിന്നീട് ഇത് വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു. തുടർന്ന് ഈ ആറുപേര് ചേർന്ന് ജുവൽ ഷെയ്ഖിന്റെ തല ഇടിപ്പിക്കുകയും തുടർന്ന് ഗുരുദരമായി പരിക്കേൽക്കുകയും ഉടൻ തന്നെ ജുവലിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
എന്നാൽ ചികിത്സയിലിരിക്കെ ഇദ്ദേഹം മരിച്ചു. പരിക്കേറ്റ മറ്റ് രണ്ട് തൊഴിലാളികൾ ഇപ്പോഴും ചികിത്സയിലാണ്. ബീഡിയെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് ഒഡീഷ പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, അക്രമികൾ തങ്ങളെ ബംഗ്ലാദേശികളെന്ന് വിളിച്ചാണ് മർദ്ദിച്ചതെന്ന് പരിക്കേറ്റ മസ്ഹർ ഖാൻ, നിസാമുദ്ദീൻ ഖാൻ എന്നീ തൊഴിലാളികൾ മൊഴി നൽകിയിരിക്കുന്നത്.
സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി ബംഗാളികൾക്കെതിരെ നടത്തുന്ന നിരന്തരമായ പ്രചാരണത്തിന്റെ നേരിട്ടുള്ള ഫലമാണ് ഈ കൊലപാതകമെന്ന് ടിഎംസി ആരോപിച്ചു.
















