തിരുവനന്തപുരം കോർപ്പറേഷന്റെ നിയുക്ത മേയർ വി.വി. രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു. ഔദ്യോഗികമായി മേയർ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് വി.വി. രാജേഷിനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധേയമായി.
കേരളത്തിലെ ഒരു കോർപ്പറേഷന്റെ ഭരണനേതൃത്വത്തിൽ എത്തുന്ന ആദ്യ ബിജെപി മേയറാണ് വി.വി. രാജേഷ്. രാജേഷ്. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊടുങ്ങാനൂർ വാർഡിൽ നിന്നാണ് അദ്ദേഹം മികച്ച വിജയം കൈവരിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ചരിത്രവിജയം നേടിയതിന് പിന്നാലെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ വി.വി. രാജേഷിനെ മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് ഫലം വന്നത് മുതൽ മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേരായിരുന്നു മേയർ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നത്. എന്നാൽ അവസാന നിമിഷം ശ്രീലേഖയെ തള്ളി വി.വി. രാജേഷിന് അനുകൂലമായി തീരുമാനം മാറുകയായിരുന്നു. മുൻ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ശക്തമായ ഇടപെടലാണ് വി.വി. രാജേഷിന് വഴിതുറന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം.
















