രാജസ്ഥാനിലെ ഉദയ്പൂരിൽ പുതുവത്സര പാർട്ടിക്ക് ശേഷം വനിതാ മാനേജർക്ക് വീട്ടിലേക്ക് ലിഫ്റ്റ് വാഗ്ദാനം നൽകി ഓടുന്ന കാറിൽ പീഡനത്തിന് ഇരയാക്കി. സംഭവത്തിൽ ഒരു വനിതയടക്കം മൂന്ന് പേർ അറസ്റ്റിലായി. ഡിസംബർ 20 ന് ഉദയ്പൂരിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന പാർട്ടിക്ക് ശേഷമായിരുന്നു പീഡനം നടന്നത്. കമ്പനിയുടെ സിഇഒയും ഒരു വനിതാ എക്സിക്യൂട്ടീവ് മേധാവിയും ഇവരുടെ ഭർത്താവും ഇതിൽ പങ്കെടുത്തിരുന്നു. പുലർച്ചെ വരെ നീണ്ട ഓഫീസ് പാർട്ടിക്ക് ശേഷം, തിരികെ പോകാൻ നേരം വനിതാ എക്സിക്യൂട്ടീവാണ് യുവതിക്ക് വീട്ടിലേക്ക് ലിഫ്റ്റ് നൽകാമെന്ന വാഗ്ദാനം നൽകി സമീപിച്ചത്.
തുടർന്ന് മൂവരും യുവതിയെയും കയറ്റി പോവുകയും വഴിയിൽ വച്ച് ഒരു കടയിൽ നിന്നും വാങ്ങിയ വസ്തു പുകക്കാൻ നൽകുകയും ചെയ്തു. ഇത് ഉപയോഗിച്ചതോടെ യുവതി അബോധാവസ്ഥയിലായി. ഭാഗികമായി ബോധം വന്നപ്പോൾ സിഇഒ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് അതിജീവിത പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തുടർന്ന് മൂന്ന് പ്രതികളും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തതായും യുവതി ആരോപിച്ചു.
















