കൊച്ചി പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയോടെ കല്ലിൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. കമ്പനിയുടെ കെട്ടിടത്തിന്റെ ഒരുഭാഗം കത്തി നശിച്ചു. തീപിടിക്കുന്ന സമയം ഇവിടെ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ല.
കോടികളുടെ നാശനഷ്ടം സംഭവിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഉള്ളിൽ ഉണ്ടായിരുന്ന പ്ലൈവുഡ് ഉൽപന്നങ്ങൾ പൂർണമായും അഗ്നിക്കിരയായി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അഗ്നിശമന സേനയുടെ 8 യൂണിറ്റുകൾ തീയണയ്ക്കാൻ എത്തിയിരുന്നു. സ്ഥാപനത്തിലെ ഡ്രൈയറിന്റെ ഭാഗത്താണ് ആദ്യം തീ പിടിച്ചത്. പിന്നീട് പല ഭാഗങ്ങളിലേക്കായി തീ പടരുകയായിരുന്നു.
















