തിരുവനന്തപുരം: ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനും ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. മുഖ്യമന്ത്രിക്ക് ഇതിൽ ദുരൂഹത തോന്നാത്തതെന്തെന്നും ചോദ്യം. കൂടെയുള്ള പോലീസുകാരൻ ആരെന്നും ഷിബു ബേബി ജോൺ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
എയർപോർട്ടിൽ കടകംപള്ളിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയും പൊലീസിലെ ഉന്നതഉദ്യോഗസ്ഥനും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് ഷിബു ബേബി ജോൺ പങ്കുവെച്ചിട്ടുള്ളത്. ചിത്രത്തിൽ പോറ്റിക്കൊപ്പം നിൽക്കുന്ന മഹാൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വർണ്ണം പമ്പ കടന്നുപോയത്. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുമായി നിൽക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോൾ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ? ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
സാധാരണഗതിയിൽ പൊതുപ്രവർത്തകരുമായി സെൽഫി എടുക്കുന്നത് സ്വാഭാവികമാണ് പക്ഷെ ഇവിടെ അങ്ങിനെയല്ല ഒരു സൗഹൃദ സംഭാഷണമാണ് ഉന്നതഉദ്യോഗസ്ഥനും പോറ്റിയും മന്ത്രിയും തമ്മിൽ നടത്തുന്നത്. കടകംപള്ളിയും മുഖ്യമന്ത്രിയുമാണ് ഈ ഉദ്യോഗസ്ഥൻ ആരാണെന്നത് വിശദീകരിക്കേണ്ടതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
















