ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ദുരൂഹതകൾ നീക്കാൻ ഡി. മണിയെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം (SIT) നീക്കങ്ങൾ ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ നടത്തിയ റെയ്ഡിലും ചോദ്യം ചെയ്യലിലും ഇയാൾ സഹകരിക്കാത്ത പശ്ചാത്തലത്തിൽ, ഇയാളുടെയും കൂട്ടാളികളുടെയും ബാങ്ക് ഇടപാടുകൾ വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു.
താൻ ‘ഡി. മണി’ അല്ലെന്നും ‘എം.എസ്. മണി’ ആണെന്നുമാണ് ചോദ്യം ചെയ്യലിൽ ഇയാൾ വാദിക്കുന്നത്. എന്നാൽ പ്രവാസി വ്യവസായിയുടെ മൊഴി പ്രകാരമുള്ള ഡി. മണി ഇയാൾ തന്നെയാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു പറയുന്നു. താൻ നേരിട്ടു കണ്ട ഡി. മണി ഇതുതന്നെയാണെന്ന് പ്രവാസി വ്യവസായി അന്വേഷണ സംഘത്തിന് വീണ്ടും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇയാളുടെ പേരിലുള്ള മൊബൈൽ നമ്പർ പ്രതികളിൽ ഒരാളുടെ ഫോണിൽ ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
ഡി മണിയുടെ കൂട്ടാളിയായ ശ്രീ കൃഷ്ണന്റെ മൊഴികളിലും വൈരുധ്യമുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് ഡി മണി പറഞ്ഞതും അന്വേഷണ സംഘം തള്ളുന്നുണ്ട്. അതേസമയം, വിദേശ വ്യവസായിയിൽ നിന്ന് വീണ്ടും എസ്ഐടി വിശദമായ മൊഴി രേഖപ്പെടുത്തും.
ഡി മണി സാങ്കല്പിക കഥാപാത്രമല്ലെന്ന് കഴിഞ്ഞ ദിവസം ഉറപ്പിച്ചിരുന്നു. ഡി മണിയടെ ഡിണ്ടിഗലിലെ സ്ഥാപനത്തിൽ ഇന്നലെ രാവിലെയോടെയാണ് എസ്ഐടിയുടെ നിർണ്ണായക റെയ്ഡ് തുടങ്ങിയത്. രണ്ട് മണിക്കൂർ നീണ്ടുനിന്നതായിരുന്നു ചോദ്യം ചെയ്യൽ. പക്ഷേ ചോദ്യം ചെയ്യലിലും മാധ്യമങ്ങളോടും ഇയാൾ എല്ലാം നിഷേധിച്ചു.
















