ദോഷങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് മയക്കി ബിസിനസുകാരനിൽ നിന്ന് 10 പവൻ സ്വർണം കവർന്നു. ചെന്നൈ മിന്റ് സ്ട്രീറ്റിലെ വ്യവസായിയായ ദീപക് ജെയിനാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ രണ്ടംഗ സംഘത്തിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. മിന്റ് സ്ട്രീറ്റിലെ ക്ഷേത്രത്തിൽ രാത്രി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ദീപക്. വഴിയിൽ വെച്ച് ഇയാളെ തടഞ്ഞുനിർത്തിയ തട്ടിപ്പുകാർ, ദീപക്കിന് വലിയ ദോഷങ്ങളുണ്ടെന്നും ഉടൻ പരിഹരിച്ചില്ലെങ്കിൽ അപകടമാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് പൂജയെന്ന വ്യാജേന മയക്കി കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് സംഘം കടന്നുകളയുകയായിരുന്നു.
ദോഷപരിഹാരത്തിനായി ദീപക്കിന്റെ കൈകളിൽ പിടിച്ചു മന്ത്രങ്ങൾ ഉരുവിട്ട തട്ടിപ്പുകാർ, പരിഹാരം പൂർണ്ണമാകണമെങ്കിൽ ധരിച്ചിരിക്കുന്ന ആഭരണങ്ങൾ അഴിച്ചുമാറ്റണമെന്ന് നിർദേശിച്ചു. ഇവരുടെ വാക്കുകളിൽ വിശ്വസിച്ച ദീപക്, തന്റെ പത്ത് പവനോളം വരുന്ന സ്വർണാഭരണങ്ങൾ അഴിച്ച് ബാഗിൽ സൂക്ഷിച്ചു. ഇതിന് പിന്നാലെ താൻ അബോധാവസ്ഥയിലായെന്നും ഈ തക്കം നോക്കി പ്രതികൾ സ്വർണവുമായി കടന്നുകളഞ്ഞെന്നുമാണ് ദീപക് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
















