മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ നാടകീയമായി ചോദ്യം ചെയ്ത് പിന്നീട് വിട്ടയച്ച് പൊലീസ്. ചിത്രം ഷെയർ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുത്തത്.
അതേ സമയം പൊലീസ് നാടകം കളിക്കുന്നുവെന്നും അയ്യപ്പൻ്റെ സ്വർണം കട്ടവർക്കെതിരെ യുഡിഎഫ് നടത്തുന്ന പോരാട്ടത്തിൽ പതിനായിരങ്ങൾ ഒപ്പം നിൽക്കുമെന്നും എൻ സുബ്രഹ്മണ്യൻ പ്രതികരിച്ചു. കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട. പുറത്തുവന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്ന് ക്യാപ്ചർ ചെയ്തതാണ്. ആദ്യം ഇട്ട ഫോട്ടോ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു. ഫോൺ പൊലീസ് വാങ്ങിവച്ചുവെന്നും എൻ സുബ്രഹ്മണ്യൻ കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ സുബ്രഹ്മണ്യന്റെ വീട്ടിൽ നിന്ന് ചേവായൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
















