ഒരുപാട് സ്വപ്നങ്ങളുമായാണ് നമ്മൾ ഓരോരുത്തരും ഈ ലോകത്ത് ജീവിക്കുന്നത്. നാളെയെക്കുറിച്ചുള്ള പ്രത്യാശകളാണല്ലോ ഓരോ മനുഷ്യന്റെയും ഇന്ധനം. നല്ല വിദ്യാഭ്യാസം നേടണം, മികച്ച ജോലി സ്വന്തമാക്കണം, വാർദ്ധക്യത്തിൽ മാതാപിതാക്കളെ നന്നായി നോക്കണം… അങ്ങനെ പല ആഗ്രഹങ്ങളാകും നമ്മെ മുന്നോട്ട് നയിക്കുന്നത്.
എന്നാൽ ഈ സ്വപ്നങ്ങളെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് നിശ്ചലമായിപ്പോകുന്ന ഒരു ദുരന്തമുണ്ട്—നമ്മുടെ മരണം. സ്വാഭാവികമായ വിടവാങ്ങലാണെങ്കിൽ ദുഃഖത്തോടെയെങ്കിലും നമ്മളത് അംഗീകരിക്കും. എന്നാൽ, അതൊരു ക്രൂരമായ കൊലപാതകമാണെങ്കിലോ?
സ്വന്തം കാമം തീർക്കാനും മനസ്സിലെ ദുഷിച്ച വാസനകൾ പൂർത്തീകരിക്കാനും വേണ്ടി മാത്രം ഒരു ജീവനെടുക്കുന്ന സംഭവങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറിവരുന്നു. മനുഷ്യന്റെ ഉള്ളിലെ ഇരുട്ട് ഒരു നിമിഷം കൊണ്ട് മറ്റൊരു മനുഷ്യന്റെ ലോകത്തെ ഇല്ലാതാക്കുന്നു.
ഓരോ വ്യക്തിയും അവരുടെ ജീവിതം വലിയ മോഹങ്ങളോടും പ്രതീക്ഷകളോടുമാണ് കൊണ്ടുനടക്കുന്നത്. എന്നാൽ, ആ നിഷ്കളങ്കമായ പ്രതീക്ഷകൾക്ക് നേരെയാണ് ചിലരുടെ ചാപല്യ മോഹങ്ങൾ കൊടുങ്കാറ്റായി വീശുന്നത്. താൽപ്പര്യമില്ലാത്ത ഒരു പെൺകുട്ടിയുടെ സ്വകാര്യതയിലേക്ക് കടന്നുചെല്ലുന്നത് ഏറ്റവും വലിയ ക്രൂരതയാണ്.
അത്തരത്തിൽ മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഛത്തീസ്ഗഡിലെ റായ്‌പൂർ സ്വദേശിയായ ആ പെൺകുട്ടിയുടേത്. ഒരുപാട് മോഹങ്ങളുമായി പറന്നുയരാൻ കൊതിച്ച അവൾക്ക്, പുതിയൊരു നഗരത്തിൽ കാത്തിരുന്നത് ദാരുണമായ മരണമായിരുന്നു എന്ന സത്യം, ഓരോരുത്തരുടെയും മനസ്സിൽ ഒരു നീറ്റലായി അവശേഷിക്കുന്നു.
ഛത്തീസ്ഗഡിലെ റായ്‌പൂർ, ന്യൂ രാജേന്ദ്ര നഗറിലെ ഒരു വീട്. റിട്ടയേർഡ് സിവിൽ എൻജിനീയറായ അച്ഛന്റെയും അമ്മയുടെയും നാല് മക്കളിൽ ഇളയവളായ റൂപൽ ഓഗ്രേ. പഠനത്തിൽ മിടുക്കിയായ ഈ ഇരുപത്തിനാലുകാരിക്ക് ജീവിതത്തിൽ ഒരുപാട് ലക്ഷ്യങ്ങളുണ്ടായിരുന്നു.
റായ്‌പൂരിൽ നിന്ന് സ്കൂളിംഗും ഡിഗ്രിയും പൂർത്തിയാക്കിയ റൂപലിനെ തേടി, 2023 ഏപ്രിൽ മാസത്തിൽ, ഒരു സന്തോഷ വാർത്തയെത്തി: ഒരു പ്രമുഖ ഏവിയേഷൻ കമ്പനിയിൽ എയർ ഹോസ്റ്റസ് ട്രെയിനിംഗിനായി അവൾ തിരഞ്ഞെടുക്കപ്പെട്ടു!
ആഗ്രഹിച്ച ജോലി നേടി, സ്വപ്നനഗരമായ മുംബൈയിലേക്ക് റൂപൽ വണ്ടി കയറി. അന്ധേരിയിലുള്ള ഒരു അപ്പാർട്ട്മെന്റിൽ തന്റെ ചേച്ചിക്കും ചേച്ചിയുടെ ബോയ്ഫ്രണ്ടിനുമൊപ്പമായിരുന്നു താമസം. ജീവിതം വളരെ സന്തോഷകരമായി മുന്നോട്ട് പോകുകയായിരുന്നു. റൂപലിന്റെ ആഗ്രഹങ്ങൾ സത്യമാവുകയായിരുന്നു. സോഷ്യൽ മീഡിയയിലും സുഹൃത്തുക്കൾക്കിടയിലും സജീവമായി, അവൾ ജീവിതം ആഘോഷിച്ചു.
എന്നാൽ, ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. 2023 സെപ്റ്റംബർ 3 എന്ന തീയതി അവളുടെ വിധി തിരുത്തിക്കുറിച്ചു. എട്ടു ദിവസത്തെ അവധിക്കായി ചേച്ചിയും സുഹൃത്തും നാട്ടിലേക്ക് പോയതോടെ റൂപൽ ഫ്ലാറ്റിൽ തനിച്ചായി.
അന്ന് രാവിലെ പതിവുപോലെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ചപ്പോൾ റൂപൽ വളരെ സന്തോഷവതിയായിരുന്നു. എന്നാൽ നേരം വൈകുന്തോറും ആ ഫ്ലാറ്റിൽ നിശ്ശബ്ദത പടർന്നു. വൈകുന്നേരം മാതാപിതാക്കൾ വിളിച്ചിട്ടും മറുപടിയില്ല. ചേച്ചി വിളിച്ചിട്ടും റൂപൽ ഫോൺ എടുക്കുന്നില്ല. എന്തോ സംഭവിച്ചുവെന്ന ഭയം ആ കുടുംബത്തെയാകെ മൂടി.
പരിഭ്രാന്തയായ ചേച്ചി ഉടൻതന്നെ മുംബൈയിലുള്ള ഒരു സുഹൃത്തിനെ വിവരമറിയിച്ചു. രാത്രി ഒമ്പതരയോടെ സുഹൃത്ത് ഫ്ലാറ്റിലെത്തി വാതിലിൽ മുട്ടിവിളിച്ചു നോക്കി. അകത്തുനിന്ന് പ്രതികരണമില്ല, പക്ഷെ ഫോൺ ബെല്ലടിക്കുന്നത് കേൾക്കാം. പേടിച്ചരണ്ട അവർ പോലീസിനെ വിവരമറിയിച്ചു.
പോലീസ് എത്തി സ്പെയർ കീ ഉപയോഗിച്ച് വാതിൽ തുറന്നു. ഹാളും ബെഡ്റൂമും സാധാരണപോലെ കിടക്കുന്നു. എന്നാൽ ബാത്ത്റൂമിന്റെ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച പോലീസുകാരെ പോലും ഞെട്ടിച്ചു. കഴുത്തറുത്ത നിലയിൽ, രക്തത്തിൽ കുളിച്ചു, റൂപലിന്റെ ചേതനയറ്റ ശരീരം.
ആരാണ് ഈ ക്രൂരത ചെയ്തത്? വാതിൽ പൂട്ടിയിരുന്നതിനാൽ പുറത്തുനിന്നുള്ള അതിക്രമത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് നിർണ്ണായകമായ ഒരു സൂചന ലഭിച്ചു. ആ അപ്പാർട്ട്മെന്റിലെ ഹൗസ് കീപ്പിംഗ് സ്റ്റാഫായ വിക്രം അത്‌വാൽ. നാല്പതുകാരനായ ഇയാൾ പഞ്ചാബ് സ്വദേശിയാണ്. ഭാര്യയും രണ്ട കുട്ടികളുമടങ്ങു്ന്ന ഒരു കുടുംബം. വിക്രം അത്‌വാൽ മാലിന്യം ശേഖരിക്കാനായി ആയിരുന്നു റൂപലിന്റെ ഫ്ലാറ്റിലെത്തിയത്.
യുവതി തനിച്ചാണെന്ന് മനസ്സിലാക്കിയതോടെ, അയാളുടെ ഉള്ളിലെ ദുഷ്ടചിന്തകൾ ഉണർന്നു. അയാൾ റൂപലിനെ ഉപദ്രവിക്കാൻ ശ്രമിച്ചു. എന്നാൽ അവൾ ശക്തമായി എതിർത്തതോടെ, കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അയാൾ ആ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തെളിവുകൾ നശിപ്പിക്കാനായി മൃതദേഹം ബാത്ത്റൂമിലേക്ക് മാറ്റി.
എന്നാൽ സിസിടിവി പരിശോധനയിൽ, വിക്രം ഫ്ലാറ്റിലേക്ക് കയറുമ്പോൾ ധരിച്ചിരുന്ന വസ്ത്രമല്ല തിരികെ ഇറങ്ങുമ്പോൾ ധരിച്ചിരുന്നത് എന്ന് കണ്ടെത്തി. കൊലപാതകത്തിന് ശേഷം കുളിച്ചു വേഷം മാറിയാണ് അയാൾ രക്ഷപ്പെട്ടത്. ഈ തെളിവ് കേസിൽ വഴിത്തിരിവായി.
ഒടുവിൽ, ഭയന്തറിലെ വീട്ടിൽ നിന്ന് പോലീസ് വിക്രം അത്‌വാലിനെ പിടികൂടി. രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെടുത്തു. കുറ്റസമ്മതം നടത്തിയ വിക്രം ജയിലിലായി. എന്നാൽ, ഈ കഥയുടെ അവസാന അധ്യായം കുറിച്ചത് മറ്റൊരു ദുരന്തമായിരുന്നു. സെപ്റ്റംബർ 8-ന്, പോലീസ് കസ്റ്റഡിയിലിരിക്കെ, താൻ ചെയ്ത തെറ്റിന്റെ കുറ്റബോധം കൊണ്ടോ, നിയമത്തെ ഭയന്നോ വിക്രം അത്‌വാൽ പോലീസ് സ്റ്റേഷനിലെ ടോയ്‌ലറ്റിനുള്ളിൽ സ്വന്തം പാന്റ് ഉപയോഗിച്ച് തൂങ്ങിമരിച്ചു.
നാല് ചുവരുകൾക്കുള്ളിൽ അവസാനിച്ച റൂപൽ എന്ന പെൺകുട്ടിയുടെ സ്വപ്നങ്ങൾ, ഇന്ന് അവളുടെ കുടുംബത്തിന് ബാക്കിയാക്കിയത് തീരാത്ത വിങ്ങുന്ന ഓർമ്മകൾ മാത്രമാണ്. ആകാശത്തോളം ഉയരാൻ കൊതിച്ച ഒരു ജീവിതം, ഒരാളുടെ ക്രൂരമായ വാസനകൾക്ക് മുന്നിൽ തകർത്തടിയപെട്ടു
















