തിരുവനന്തപുരം: പൂവാലശല്യം പരാതിപ്പെട്ടതിന് പെൺകുട്ടിയുടെ തല തല്ലിത്തകർത്ത പ്രതിക്ക് 13 വർഷം കഠിനതടവും 40,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. വർക്കല ചെമ്മരുതി മുത്താന അമ്പലത്തുംവിള ലക്ഷം വീട് കോളനി സ്വദേശി 43കാരനായ ഗിരീഷിനെയാണ് കോടതി ശിക്ഷിച്ചത്.
സ്‌കൂളിൽ പോകുന്ന പെൺകുട്ടികളെ കമന്റടിച്ച് ശല്യംചെയ്തത് പരാതിപ്പെട്ടതിന് പ്രതി വീടുകയറി 11കാരിയുടെ തല തല്ലിത്തകർക്കുകയായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് കേസ് പരിഗണിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരു വർഷംകൂടി അധിക തടവ് അനുഭവിക്കണം. പെൺകുട്ടിയും സഹോദരിയും സ്‌കൂളിൽ പോകുമ്പോഴും വരുമ്പോഴും പ്രതി നിരന്തരം അശ്ലീല ചുവയുള്ള കമന്റ് പറഞ്ഞ് അവരെ ശല്യംചെയ്തിരുന്നു. ഇതിനെതിരേ കുട്ടികളുടെ മാതാവ് പോലീസിനു പരാതി നൽകിയിരുന്നു.
വർക്കല പോലീസ് പ്രതിയെ വിളിച്ചുവരുത്തി താക്കീത് ചെയ്തതിനാണ് പ്രതി മാതാവിനെയും കുട്ടികളെയും വീടുകയറി മർദിച്ചത്. മർദനത്തിലാണ് പെൺകുട്ടിയുടെ തല തകർന്നത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിക്ക് അടിയന്തര ചികിത്സ നൽകിയതിനെത്തുടർന്നാണ് ജീവൻ തിരിച്ചുകിട്ടിയത്.
2011 ജൂൺ മൂന്നിനായിരുന്നു സംഭവം. മകളുടെ പ്രായമുള്ള കുട്ടിയെ വീട്ടിൽ അതിക്രമിച്ചുകടന്ന് തല തകർത്ത പ്രതി നിയമത്തിന്റെ ഒരു ദയയും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.
















