തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ശാസ്തമംഗലത്തുള്ള വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിന്റെ ഓഫീസിനെ ചൊല്ലിയുള്ള തർക്കം തലസ്ഥാന നഗരസഭയിലെ ആദ്യത്തെ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. സി.പി.എമ്മിൽ നിന്ന് ബി.ജെ.പി ഭരണം പിടിച്ചെടുത്ത കോർപ്പറേഷനിൽ, എം.എൽ.എ ഓഫീസ് ഒഴിഞ്ഞു കൊടുക്കണമെന്ന കൗൺസിലറുടെ ആവശ്യവും ഇതിനെതിരെ എം.എൽ.എയുടെ പ്രതികരണവും വിഷയത്തെ കൂടുതൽ ആളിക്കത്തിച്ചു.
വിവാദത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ വി. വി. രാജേഷ് രംഗത്തെത്തി. ഈ വിഷയത്തെ ഇത്രത്തോളം രാഷ്ട്രീയവൽക്കരിക്കേണ്ട കാര്യമില്ലെന്നാണ് മേയറുടെ നിലപാട്. കൗൺസിലർ ആർ. ശ്രീലേഖ, വി.കെ. പ്രശാന്തുമായുള്ള സൗഹൃദത്തിന്റെ പുറത്താണ് ഓഫീസ് ഒഴിയാനുള്ള ആവശ്യം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. “എല്ലാ കാര്യങ്ങളും പാർട്ടിയോട് പറയണമെന്നില്ല. എന്നാൽ ഇപ്പോൾ ഒരു ചർച്ച വന്ന സാഹചര്യത്തിൽ, ഇത്തരത്തിൽ കോർപ്പറേഷൻ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിലെ രേഖകൾ പരിശോധിക്കും,” മേയർ വ്യക്തമാക്കി.
നിലവിൽ 300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മുറി എം.എൽ.എയ്ക്ക് നൽകിയിരിക്കുന്നത് 832 രൂപയ്ക്കാണ്. സ്വകാര്യ വ്യക്തികൾക്ക് ഇതേ രീതിയിൽ കുറഞ്ഞ വാടകയ്ക്ക് കെട്ടിടങ്ങൾ നൽകിയിട്ടുണ്ടോ എന്നും പരിശോധിക്കും.
എം.എൽ.എ ഓഫീസുകൾക്ക് വാടകയിൽ ഇളവുകൾ അനുവദിക്കുന്നതിൽ നിയമപരമായി പ്രശ്‌നങ്ങളില്ലെന്നും, രേഖകൾ പൂർണ്ണമായി പരിശോധിച്ച ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്നും മേയർ കൂട്ടിച്ചേർത്തു. സ്വകാര്യ വ്യക്തികൾക്ക് കുറഞ്ഞ വാടകയിൽ കെട്ടിടം നൽകിയിട്ടുണ്ടെങ്കിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ശാസ്തമംഗലം വാർഡ് കൗൺസിലറായ ആർ. ശ്രീലേഖയാണ് തർക്കത്തിന് തുടക്കമിട്ടത്. വാർഡ് കൗൺസിലർക്ക് ഓഫീസ് സൗകര്യമില്ലാത്തതിനാൽ, കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എം.എൽ.എയുടെ ഓഫീസ് ഒഴിയണമെന്നായിരുന്നു കൗൺസിലർ ശ്രീലേഖയുടെ ആവശ്യം.
ഇക്കാര്യം ഫോൺ വിളിച്ച് എം.എൽ.എയെ അറിയിക്കുകയും ചെയ്തു. എന്നാൽ, കൗൺസിൽ തനിക്ക് അനുവദിച്ച സമയപരിധി മാർച്ച് 31 വരെയാണെന്നും അതുവരെ ഒഴിയാനാവില്ലെന്നും എം.എൽ.എ വി.കെ. പ്രശാന്ത് കൗൺസിലറെ അറിയിച്ചതോടെയാണ് തർക്കം കടുത്തത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും വിഷയത്തിൽ കക്ഷിചേർന്നതോടെ ഓഫീസ് ഒഴിപ്പിക്കൽ വിവാദം കൂടുതൽ രാഷ്ട്രീയമാനം കൈക്കൊണ്ടു.
ഇതിനിടെ, കോർപ്പറേഷൻ പരിധിയിൽ സർവ്വീസ് നടത്താനായി കേന്ദ്രസർക്കാർ അനുവദിച്ച ബസ്സുകൾ നഗരത്തിന് പുറത്തുള്ള റൂട്ടുകളിലേക്ക് തിരിച്ചുവിടുന്നു എന്ന പരാതിയും മേയർ വി. വി. രാജേഷ് പരിശോധിക്കുമെന്ന് അറിയിച്ചു.
നഗരത്തിലൂടെ ഓടാനായി അനുവദിച്ച ബസ്സുകൾ മറ്റുസ്ഥലങ്ങളിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇത് സംബന്ധിച്ച് ഉടൻതന്നെ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















