മന്നം സമാധിയില്‍ ആര്‍ക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഈശ്വരതുല്യം ആരാധിക്കുന്ന ഒരു ക്ഷേത്രമാണ് അതെന്നും അവിടെ പട്ടിയെ കയറ്റിയിട്ട് ആരും അദ്ദേഹത്തെ ആദരിക്കേണ്ട എന്നതിനാലാണ് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണന്‍ വന്നപ്പോള്‍ അനുമതി നിഷേധിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ‘അവിടെ ആര്‍ക്കും അനുമതി നിഷേധിച്ചിട്ടില്ല. സുരേഷ് ഗോപി പുഷ്പാര്‍ച്ചന നടത്തിയില്ലേ? വൈസ് പ്രസിഡന്റ് പുഷ്പാര്‍ച്ചനക്ക് വന്നപ്പോള്‍ പട്ടിയെ കേറ്റി അവിടെ പരിശോധിക്കണം എന്ന് പറഞ്ഞു. ഞങ്ങള്‍ ഈശ്വരതുല്യം ആരാധിക്കുന്ന ഒരു ക്ഷേത്രമാണ്. അതിനകത്ത് പട്ടിയെ കേറ്റിയിട്ട് ആരും അവിടെ അദ്ദേഹത്തെ ആദരിക്കേണ്ട എന്ന് പറഞ്ഞു. അത് ഞാന്‍ പറയേണ്ടത് എന്റെ കടമയാണ്’
എന്‍എസ്എസിനെ ഇല്ലാതാക്കാന്‍ കുറച്ചുപേര്‍ കീഴ്കോടതിയിലും ഹൈകോടതിയിലും സുപ്രീം കോടതിയിലുമെല്ലാം കേസുമായി നടക്കുന്നുണ്ടെന്നും അവരുടെ ഒരു വാലായിട്ടാണ് കെ.ബി. ഗണേഷ് കുമാര്‍ ഇപ്പോള്‍ സംസാരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. ‘അവരെല്ലാവരും കൂടി സംഘടിച്ചാണ് അവിടെ മീറ്റിങ്ങില്‍ പങ്കെടുത്തത്. 64 വര്‍ഷമായി ഞാന്‍ ഇതിനകത്ത് കയറിയിട്ട്. ഒരുത്തന്‍ വിചാരിച്ചാലും എനിക്കെതിരേ ഗൂഢാലോചന വെക്കാന്‍ പറ്റിയ തെറ്റൊന്നും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഗണേഷിന് കോടതിയില്‍ പോകാമല്ലോ. കോടതിയില്‍ എന്താണ് പോകാത്തത്. അനധികൃതമായി ഒരാള്‍ക്കും നിയമനം കൊടുത്തിട്ടില്ല’ സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
ആളുകള്‍ ഇവിടെ വരുമ്പോള്‍ വരുമ്പോള്‍ മുഖത്ത് നോക്കുന്നില്ല എന്ന ഗണേഷ് കുമാറിന്റെ ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ‘അത് എന്നാണ് തോന്നിയത്? ഇപ്പോള്‍ വര്‍ഷം എത്രയായി? എല്ലാ സ്ഥാനങ്ങളും നഷ്ടപ്പെട്ടു കഴിഞ്ഞപ്പോള്‍ അല്ലേ ഇത് പറയുന്നുള്ളൂ. സ്ഥാനമാനങ്ങള്‍ പോയതുകൊണ്ടാണോ പറയുന്നതെന്ന് നിങ്ങള്‍ തീരുമാനിച്ചോളൂ. എന്തെല്ലാം സ്ഥാനം ഉണ്ടെന്നും മാനം ഉണ്ടെന്നും ഒക്കെ നിങ്ങള്‍ക്ക് തീരുമാനിക്കാവുന്ന കാര്യമേ ഉള്ളൂ. ഞാനായിട്ട് അത് പറയുന്നില്ല. സമദൂര നിലപാടിനെ ചോദ്യം ചെയ്തതാണ് അദ്ദേഹത്തെ പുറത്താക്കാന്‍ കാരണം എന്ന് പറയുന്നുണ്ടെങ്കില്‍, എന്‍എസ്എസിനെ സംബന്ധിച്ചിടത്തോളവും ജനങ്ങളെ സംബന്ധിച്ചിടത്തോളവും സമദൂര നിലപാട് നല്ലൊരു നിലപാടാണ്. അത് ഞങ്ങള്‍ തുടരുക തന്നെ? ചെയ്യും. അതിനെ എവിടെയാണ് ചോദ്യം ചെയ്തത്? ഇതിനകത്തൊന്നും കേറി ആരും ചോദ്യം ചെയ്യാന്‍ വരത്തില്ല. ഞാന്‍ അയാള്‍ക്ക് ദ്രോഹമൊന്നും ചെയ്തിട്ടില്ല. അയാള്‍ എനിക്ക് ഒരു ഗുണവും ചെയ്തിട്ടില്ല. നിയമപരമായിട്ടാണ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടത്. തെറ്റാണെങ്കില്‍ അയാള്‍ക്ക് കോടതിയില്‍ പോകട്ടെ. എന്തിനാ വെറുതെ ഇങ്ങനെ പറഞ്ഞുനടക്കുന്നത്.
വൈകിട്ട് ഏഴു മണിക്കാണ് യൂണിയന്‍ പിരിച്ചുവിടുന്നതെന്ന് പറഞ്ഞു. പിരിച്ചുവിടേണ്ടി വന്നാല്‍ നിയമപരമായിത്തന്നെ പിരിച്ചുവിടും. അത് രാത്രിയിലാണെങ്കിലും പിരിച്ചുവിടും. എപ്പോഴാണോ ആ അവസ്ഥ ഉണ്ടാകുന്നത്, ഉടനെതന്നെ ആ താലൂക്കിന്റെ ഭരണസ്തംഭനത്തിന് ഇടവരാതിരിക്കാന്‍ രാത്രി തന്നെ പിരിച്ചു വിടും. ആ പുള്ളി പറയുന്നത് എന്താണെന്നും പ്രവര്‍ത്തിക്കുന്നത് എന്താണെന്നും നിങ്ങള്‍ തന്നെ ആലോചിച്ചു നോക്കൂ. നിങ്ങള്‍ക്ക് ധൈര്യമുണ്ടോ അങ്ങേരുടെ ചെയ്തികളെ വിമര്‍ശിക്കാന്‍. എന്‍എസ്എസ് പിടിക്കാനുള്ള നീക്കം ചിലര്‍ പണ്ടേ തുടങ്ങിയതാണ്. എനിക്കത് കണ്ട അനുഭവമുണ്ട്. നേരത്തെ ജാഥ നടത്തിയ ഓരോരുത്തരുടെയും കൂടെ എത്ര പേരുണ്ടെന്ന് നമ്മള്‍ കണ്ടത?ല്ലേ. അതിനെയൊക്കെ നേരിടാനുള്ള കരുത്ത് നായര്‍ സര്‍വീസ് സൊസൈറ്റിക്കും എന്‍എസ്എസിനെ സ്‌നേഹിക്കുന്ന നായന്മാര്‍ക്കും ഉണ്ട്, സംശയം വേണ്ട.
ഒരു കാര്യം ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് വിരുദ്ധമായിട്ട് എന്തെങ്കിലും ഒരു നിലപാട് എടുക്കുകയോ സംസാരിക്കുകയോ ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ പറഞ്ഞത് പറഞ്ഞിട്ടില്ല എന്ന് പറയുകയോ അല്ലെങ്കില്‍ ക്ഷമ പറയുകയോ ഒന്നും ഉണ്ടായിട്ടില്ല. ഞാന്‍ വളരെ ആലോചിച്ചു കണ്ടേ പറയത്തുള്ളൂ. അതൊന്നും തിരിച്ചു വിഴുങ്ങേണ്ട ഒരു സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ല’ -അദ്ദേഹം പറഞ്ഞു.
















