2025 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദേശീയസുരക്ഷ, കായികം, ശാസ്ത്രസാങ്കേതിക രംഗം എന്നീ നിർണായക മേഖലകളിൽ അഭിമാനകരമായ നാഴികക്കല്ലുകൾ സ്ഥാപിച്ച വർഷമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോകമെമ്പാടും ഇന്ത്യയുടെ പ്രഭാവം ശക്തമായി ദൃശ്യമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കീ ബാത്തി’ൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ദേശീയസുരക്ഷാ രംഗത്തെ ‘ഓപ്പറേഷൻ സിന്ദൂർ’ രാജ്യത്തെ ഓരോ പൗരനും അഭിമാനത്തിന്റെ പ്രതീകമായി മാറിയെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ ദേശീയസുരക്ഷയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലെന്ന് ഈ ഓപ്പറേഷനിലൂടെ ലോകരാഷ്ട്രങ്ങൾ മനസ്സിലാക്കി.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഭാരതാംബയോടുള്ള സ്നേഹവും രാജ്യത്തോടുള്ള കൂറും പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയർന്നുവന്ന പ്രതികരണങ്ങളെയും പ്രധാനമന്ത്രി പരാമർശിച്ചു. ജനങ്ങൾ അവരുടേതായ രീതിയിൽ വികാരങ്ങളും കൃതജ്ഞതയും പ്രകടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു.
കായികമേഖലയെ സംബന്ധിച്ചിടത്തോളം 2025 അവിസ്മരണീയമായ വർഷമായിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പുരുഷ ടീമിന്റെ ഐസിസി ചാമ്പ്യൻഷിപ്പ് നേട്ടത്തെയും ഇന്ത്യൻ വനിതാ ടീം പ്രഥമ ലോകകപ്പ് കിരീടം നേടിയതിനെയും അദ്ദേഹം അഭിനന്ദിച്ചു. ഈ നേട്ടങ്ങൾ രാജ്യത്തിന്റെ കായിക മുന്നേറ്റത്തിന് പുതിയ ഊർജ്ജം നൽകിയിരിക്കുകയാണ്.
















