ഭാര്യ ജീവനൊടുക്കി രണ്ടുദിവസത്തിന് പിന്നാലെ ഭർത്താവും ജീവനൊടുക്കി. സൂരജ് ശിവണ്ണ (36) എന്ന യുവാവാണ് നാഗ്പൂരിൽ ഒരു ഹോട്ടൽ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. ബെംഗളൂരു സ്വദേശിയായ യുവാവ് അമ്മയ്ക്കൊപ്പമാണ് മഹാരാഷ്ട്രയിൽ എത്തിയത്.
യുവാവിനൊപ്പം ആത്മഹത്യക്ക് ശ്രമിച്ച അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്. സൂരജിന്റെ ഭാര്യ ഗാൻവി വ്യാഴാഴ്ചയാണു മരിച്ചത്. ചൊവ്വാഴ്ച ആത്മഹത്യക്കു ശ്രമിച്ച യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബ്രെയിൻ ഡെത്ത് സംഭവിച്ചിരുന്നു.
യുവതിയുടെ മരണത്തിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ സൂരജും കുടുംബവും മകളെ അധിക്ഷേപിച്ചിരുന്നെന്നു ചൂണ്ടിക്കാട്ടി ഗാൻവിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി സൂരജിനെതിരെ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെയാണ് നാഗ്‍പൂരിലേക്ക് കടന്ന യുവാവ് ജീവനൊടുക്കിയത്.
















