തമിഴ്‌നാട്ടിലെ ചെന്നൈക്ക് സമീപം അതിഥി തൊഴിലാളിയെ ക്രൂരമായി ആക്രമിച്ച കേസിൽ നാല് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അക്രമികൾ തന്നെ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തിയത്. വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്.
പൊളിഞ്ഞ കെട്ടിടത്തിന്റെ മറവിൽവെച്ചായിരുന്നു അതിക്രമം. വെട്ടുകത്തി പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചോരയൊലിച്ച് കിടക്കുന്ന യുവാവിന്റെ അടുത്ത് അക്രമികൾ വിജയം ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. മഹാരാഷ്ട്ര സ്വദേശിയായ അതിഥി തൊഴിലാളിയാണ് ആക്രമണത്തിന് ഇരയായത്. ഇദ്ദേഹം നിലവിൽ തിരുവള്ളൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് 17 വയസ്സുള്ള നാല് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ മൂന്ന് പ്രതികളെ ചെങ്കൽപ്പെട്ട് ജുവനൈൽ ഹോമിലേക്ക് അയച്ചു. എന്നാൽ, പഠനം പരിഗണിച്ച് നാലാമത്തെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.
















