നടൻ വിജയ് തന്റെ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിന് മുൻപായി പുറത്തിറങ്ങുന്ന ചിത്രം എന്ന നിലയിൽ ‘ജനനായകൻ’ ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, ചിത്രം റിലീസിനൊരുങ്ങുന്ന ഈ വേളയിൽ കേരളത്തിലെ വിജയ് ആരാധകരെ അൽപ്പം നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിന്റെ ആദ്യപ്രദർശനം കേരളത്തിൽ പുലർച്ചെ 4 മണിക്ക് ഉണ്ടാകില്ലെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു.
പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം കേരളത്തിൽ രാവിലെ 6 മണിക്കായിരിക്കും നടക്കുക. പുലർച്ചെ 4 മണിക്കുള്ള ഫാൻസ് ഷോകൾക്ക് അനുമതി ലഭിക്കുന്നതിനായി നിർമ്മാതാക്കൾ അടക്കം സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യങ്ങളും തമിഴ്‌നാട്ടിലെ ചില പ്രശ്നങ്ങളും കാരണം ഈ സമയത്ത് ഷോ നടത്താൻ അനുമതി ലഭിച്ചിട്ടില്ലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് എസ്.എസ്.ആർ. എന്റർടൈൻമെന്റ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ, “കേരളത്തിൽ ചിത്രത്തിന്റെ ആദ്യപ്രദർശനം പുലർച്ചെ 4 മണിക്ക് നടത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തിയിരുന്നു. ആദ്യം നിർമ്മാതാവിന്റെ ഭാഗത്ത് നിന്ന് 4 മണിക്കുള്ള ഷോയ്ക്ക് അനുമതി ലഭിച്ചിരുന്നെങ്കിലും, നിലവിലെ സാഹചര്യങ്ങൾ കാരണം അത് നടന്നില്ല. കേരളത്തിൽ ചിത്രത്തിന്റെ ആദ്യപ്രദർശനം രാവിലെ 6 മണിക്ക് ആയിരിക്കും” എന്ന് അറിയിച്ചു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ 2026 ജനുവരി 9-ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. വിജയ്‌യുടെ അവസാന ചിത്രം എന്ന പ്രത്യേകത തന്നെയാണ് ഈ വമ്പൻ റിലീസിനായി ആരാധകർ കാത്തിരിക്കുന്നതിന്റെ പ്രധാന കാരണം. ചിത്രത്തിൽ ബോബി ഡിയോൾ, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയ വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ.കെ. എന്നിവർ സഹനിർമ്മാതാക്കളാണ്. സത്യൻ സൂര്യൻ ഛായാഗ്രഹണവും അനൽ അരശ് ആക്ഷൻ രംഗങ്ങളും കൈകാര്യം ചെയ്യുന്നു. വി. സെൽവകുമാർ ആർട്ട് വിഭാഗവും പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ശേഖർ, സുധൻ എന്നിവരാണ് കൊറിയോഗ്രാഫി.
















