നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രാജ്യ തലസ്ഥാനത്ത് ഇതുവരെ നടന്നുവന്ന സമരം കൂടുതല്‍ അക്രമാസക്തവും രക്ത രൂക്ഷിതവുമായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. സമരത്തെ കുറിച്ചോ, നീറ്റ് പരീക്ഷയിലുണ്ടായ വീഴ്ചയെ കുറിച്ചോ ഇത്രയും ദിവസമായി പ്രധാനമന്ത്രി സംസാരിച്ചിട്ടില്ല. എന്നാല്‍, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പില്‍ സത്യാഗ്രഹമിരുന്ന് അറസ്റ്റ് വരിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലായി. മാത്രമല്ല, സി.ജെ.പി എന്ന പാര്‍ട്ടിയുടെ സമരമാണ് നടന്നതെന്ന് പുച്ഛിച്ചവര്‍ക്കെല്ലാം വലിയ വിലയാണ് ഡെല്‍ഹിയില്‍ നല്‍കേണ്ടി വന്നതും. ഓരോ ദിവസവും അവര്‍ക്ക് പിന്തുണ കൂടിക്കൂടി വരികയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിദ്യാഭ്യാസ മേഖലയിലെ വലിയ വീഴ്ചകള്‍ ഉള്‍പ്പെടെ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാനായി അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരിക്കുകയാണ്. കുറ്റക്കാര്‍ക്ക് വേഗത്തിലും കര്‍ശനവുമായ ശിക്ഷ ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മോദി വ്യക്തമാക്കി. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള പ്രത്യേക അതിവേഗ കോടതികളുടെ മാതൃകയിലായിരിക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസുകള്‍ക്കായുള്ള ഈ പുതിയ കോടതികളും പ്രവര്‍ത്തിക്കുക. കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും ഈ കോടതികള്‍ സഹായകമാകും. നീറ്റ് വിവാദത്തില്‍ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന വലിയ പ്രതിഷേധങ്ങളോട് ഇതാദ്യമായാണ് പ്രധാനമന്ത്രി നേരിട്ട് പ്രതികരിക്കുന്നത്.
‘നമ്മുടെ യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ല. അവരുടെ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ല,’ എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. വിദ്യാര്‍ഥികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ തുടര്‍ച്ചയാണിതെന്നും, പുതിയ കോടതികള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കും. യുവാക്കളുടെ ഭാവി തകര്‍ക്കുന്നവരെ വെറുതെവിടില്ല’. പ്രധാനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
രാജ്യത്ത് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തിയ നീറ്റ്-യു.ജി പരീക്ഷയുടെ ചോദ്യപേപ്പര്‍ പരീക്ഷയ്ക്ക് മുന്‍പ് തന്നെ വ്യാപകമായി ചോര്‍ന്നു എന്നതാണ് കേസിനാധാരമായ സംഭവം. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തില്‍ പരീക്ഷാ നടത്തിപ്പില്‍ വലിയ ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണം ശക്തമാണ്. ചില പ്രത്യേക കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചതും ഗ്രേസ് മാര്‍ക്ക് നല്‍കിയതിലെ അപാകതകളും വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.
ചോദ്യപേപ്പര്‍ ചോര്‍ച്ച പുറത്തുവന്നതോടെ പരീക്ഷ റദ്ദാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തുടനീളം വലിയ വിദ്യാര്‍ഥി പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ഇതിന്റെ തുടര്‍ച്ചയായി ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സി.ജെ.പിയുടെ ഉള്‍പ്പെടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ആയിരുന്നു ചോര്‍ന്നത്. 81 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. അതേസമയം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സി.ജെ.പി. ‘ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം’ എന്ന ക്യാപ്ഷനോടെയാണ് സി.ജെ.പി മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
















