മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പു മുതല്‍ ബ്ലൈയ്ഡ് പലിശക്കാര്‍ വരെ നാടു വാഴുന്ന കാലത്ത് സാമ്പത്തിക നഷ്ടവും മാനഹാനിയും സംഭവിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. എല്ലാം പണം ഇരട്ടിപ്പിക്കുന്നതിനും കുറുക്കു വഴിയിലൂടെ കോടികള്‍ സമ്പാദജിക്കാനുമുള്ള ആര്‍ത്തിയുടെ ഭാഗമായാണ് തട്ടിപ്പില്‍ വീണുപോകുന്നത്. പണം നഷ്ടമാകുന്നതോടെ പരാതി പറയാന്‍ മടികാണിച്ചു തുടങ്ങും. ഇങ്ങനെ നിരവധി പേരാണ് ദിനംപ്രതി ഓരോ തട്ടിപ്പിലും പെട്ടു പോകുന്നത്. മലബാര്‍ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാവുകയാണ്. എ.ഡി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ പേരില്‍ മലപ്പുറത്ത് കോടികളുടെ തട്ടിപ്പ് നടത്തുന്നതായി വാര്‍ത്തകളും വരുന്നുണ്ട്.
തിരൂര്‍ സ്വദേശിയായ ജയചന്ദ്രന്‍ 500ലധികം പേരില്‍ നിന്നായി 130 കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയതായാണ് പുതിയ പരാതി. വ്യത്യസ്ത പ്ലാനുകള്‍ അവതരിപ്പിച്ച് ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാധാരണക്കാരില്‍ നിന്നും പണം തട്ടിയെടുത്തിരിക്കുകയാണ് ഇയാള്‍. ഇന്നെവിറ്റബിള്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡ് എന്ന പേരില്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ മറവിലാണ് ജയചന്ദ്രന്റെ ഹൈലെവല്‍ തട്ടിപ്പ്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പ്രധാന നഗരങ്ങളില്‍ കമ്പനിയുടെ നിയന്ത്രണത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍. എ.ഡി സൂപ്പര്‍ മാര്‍ക്കറ്റ്, എ.ഡി ഹൈപ്പര്‍ മാര്‍ക്കറ്റ്, എ.ഡി ഫര്‍ണീച്ചര്‍, എ.ഡി ടെക്‌സ്‌റ്റൈല്‍സ് തുടങ്ങി 22ലധികം വ്യാപാര സ്ഥാപനങ്ങള്‍.
ഇതു വഴിയായിരുന്നു തട്ടിപ്പ്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 25,000 രൂപ പ്രതിവര്‍ഷം ലാഭം വാഗ്ദാനം. സാധാരണക്കാരില്‍ നിന്ന് നിക്ഷേപം കണ്ടെത്താന്‍ വന്‍തുക കമ്മീഷന്‍ പറ്റുന്ന നാട്ടുകാരായ ഏജന്റുമാര്‍. ഈ ഏജന്റുമാര്‍ പിന്നീട് കമ്പനിയുടെ ഡയറക്ടര്‍മാരാകുന്നു. ഇങ്ങെ നിരവധി പേരെ തട്ടിപ്പിന്റെ കണ്ണികളാക്കി. അതിലൂടെ മറ്റുള്ളവരെയും തട്ടിപ്പില്‍ എത്തിച്ച് പണം തട്ടി. 20 കോടി സമാഹരിച്ചു നല്‍കി എല്ലാം നഷ്ടപ്പെട്ട റംഷാദ് തട്ടിപ്പിന്റെ കഥ പറയുന്നത് ഇങ്ങനെ. ഉല്പന്നങ്ങളിലൂടെ ആയിരുന്നു ആദ്യം ഇത്തരത്തില്‍ തുടങ്ങിയത്. ഭക്ഷണക്കിറ്റ് വിറ്റ് കഴിഞ്ഞാല്‍ കമ്മീഷന്‍ നല്‍കുന്ന രീതിയായിരുന്നു ആദ്യം. 2023 മാര്‍ച്ചോട് കൂടിയാണ് തങ്ങളില്‍ കുറച്ച് പേര്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് വന്നത്.
ഏകദേശം ഏഴ് മാസത്തോളം കഴിയുമ്പോള്‍ തന്നെ കമ്പനി പൂട്ടാനുള്ള പദ്ധതികള്‍ ജയചന്ദ്രന്‍ ആസൂത്രണം ചെയ്തിരുന്നു. തന്റെ ടീമിലൂടെ മാത്രം 20 കോടിയോളം ഈ കമ്പനിയിലേക്ക് വന്നിട്ടുണ്ടെന്നും റംഷാദ് പറയുന്നു. ഒരുപാട് കമ്പനികള്‍ സമാനമായി രൂപീകരിച്ച് പ്രോഡക്ട് സെല്‍, ഇ-കൊമേഴ്‌സ് എന്നൊക്കെ പറഞ്ഞാണ് ആളുകളെ ചേര്‍ക്കുന്നതെന്നും 12 കോടി സമാഹരിച്ച് നല്‍കിയ ഷറഫലി പറയുന്നു. മൂന്നര കോടി നിക്ഷേപത്തിനു പുറമെ വീടിന്റെ ആധാരം പണയപ്പെടുത്തി 10 ലക്ഷം രൂപ കൂടി നല്‍കി വഞ്ചിക്കപ്പെട്ടയാളാണ് മൂസ. മുഖ്യമന്ത്രിക്കും പൊലീസിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടും തട്ടിപ്പിനു നേതൃത്വം നല്‍കിയ ജയചന്ദ്രനെതിരെ ഒരു നടപടിയും എടുത്തില്ലെന്നാണ് പണം നഷ്ടപ്പെട്ടവരുടെ പരാതി.
CONTENT HIGH LIGHTS; Inevitable Marketing Limited scam: Many people fell for Jayachandran’s scam; Police did not investigate complaints
















