മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയെ അനുസ്മരിച്ച് നടൻ അനൂപ് മേനോൻ. നടൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അവതാരകനായിരിക്കെ മോഹൻലാലിന്റെ അമ്മയെ അഭിമുഖം ചെയ്യാനായി പോയ അനുവഭവത്തെ പറ്റിയാണ് അനൂപ് മേനോൻ പങ്കുവെച്ച കുറിപ്പ്. മോഹൻലാലിനെ കുറിച്ചുള്ള കഥകൾ ഒരു ബന്ധുവിനോട് എന്നപോലെ തന്നോട് പങ്കുവെച്ച കാര്യവും അദ്ദേഹം കുറിച്ചു.
‘ഒരു അവതാരകൻ എന്ന നിലയിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് പകരം തന്റെ വിശേഷങ്ങൾ തിരക്കുകയും ‘ലാലു’വിനെ കുറിച്ചുള്ള കഥകൾ ഒരു ബന്ധുവിനോട് എന്നപോലെ പങ്കുവെക്കുകയും ചെയ്തു. ഉച്ചഭക്ഷണവും ചായയും നൽകിയ ശേഷം യാത്രപറയുന്ന നേരം തന്റെ നെറുകയിൽ ചുംബിച്ചുകൊണ്ട് മോൻ സിനിമയിൽ വരും കേട്ടോ എന്ന് അമ്മ അനുഗ്രഹിച്ചു. വെറും 200 രൂപ മാത്രം ദിവസക്കൂലി ഉണ്ടായിരുന്ന യുവാവിന് ലഭിച്ച ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു അത്’- അനൂപ് മേനോൻ കുറിച്ചു.
വർഷങ്ങൾക്ക് ശേഷം ‘കനൽ’ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ മോഹൻലാൽ തന്റെ അമ്മയുടെ അസുഖങ്ങളെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് താൻ കണ്ടിട്ടുണ്ടെന്ന് അനൂപ് ഓർക്കുന്നു. ഒരു മകൻ തന്റെ അമ്മയെ ഇത്രയധികം സ്നേഹിക്കുന്നത് താൻ വേറെ എവിടെയും കണ്ടിട്ടില്ലെന്നും അത് മോഹൻലാലിന്റെ ആത്മഗുണം പോലെ തന്നെ ആ അമ്മ പകർന്ന സ്നേഹത്തിന്റെ കൂടി പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയുടെ സ്നേഹസാന്നിധ്യം താനടക്കമുള്ളവർക്ക് എന്നും നഷ്ടമായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.
















