കേരളം സർക്കാർ നിർമിക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് പേരും ലോഗോയും നിർദേശിക്കുന്ന മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി ലഭിച്ചു. പേരും ലോഗോയും നൽകുന്നവർക്ക് പതിനായിരം രൂപയായിരുന്നു സമ്മാനം ആയി പ്രഖ്യാപിച്ചിരുന്നത്.
പാലാ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് പരാതി നൽകിയത്. ഭരണഘടനയിലെ 47-ാം അനുച്ഛേദ പ്രകാരം ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനും ഭരണകൂടം മുൻഗണന നൽകേണ്ടതിനാൽ പ്രസ്തുത ബ്രാൻഡി ഉൽപാദിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്നും പരാതിയിലുണ്ട്.
കൂടാതെ മത്സരം ഭരണഘടനാവിരുദ്ധവും അബ്കാരി ആക്ടിന്റെ ലംഘനവുമാണെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. അതുപോലെ പുതിയ മദ്യം വിപണിയിൽ ഇറങ്ങുന്നതിന്റെ പരസ്യം പത്രം വഴി പ്രചരിപ്പിക്കുന്നതിനെതിരെയും പരാതി നൽകിയിട്ടുണ്ട്
















