ആത്മീയതയുടെയും പ്രകൃതിയുടെയും അപൂർവ സംഗമ സ്ഥലമാണ് ഉത്തരാഖണ്ഡ്. മഞ്ഞുമൂടിയ പർവതനിരകൾ, ഗംഗ–യമുനാ നദികൾ, പൈൻ–ദേവദാരു മരങ്ങൾ, തീർഥാടന കേന്ദ്രങ്ങൾ എല്ലാം ചേർന്ന ഇവിടം ഏതൊരു യാത്രികനെയും ആകർഷിക്കുന്നു. ദേവഭൂമി അഥവാ ദൈവങ്ങളുടെ നാട് എന്നാണ് ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡ് അറിയപ്പെടുന്നത്.
പ്രകൃതി സ്നേഹികൾ മാത്രമല്ല സാഹസികത ഇഷ്ടപ്പെടുന്നവരും ആത്മീയത അന്വേഷിക്കുന്നവരും എല്ലാം ഒരേ മനസ്സോടെ എത്തിച്ചേരുന്ന സ്ഥലമാണിത്. ഹിമാലയത്തിന്റെ താഴ്വാരത്തിൽ ആയതിനാൽ മഞ്ഞുമൂടിയ ഗിരിശ്യംഗങ്ങളും മനോഹരമായ താഴ്വരകളും പുണ്യനദികളും വന്യജീവികളുമെല്ലാം ഉത്തരാഖണ്ഡിന്റെ പ്രത്യേകതയാണ്.
നൈനിറ്റാൾ, മസൂറി പോലെയുള്ള മനോഹരമായ സ്ഥലങ്ങൾക്കൊപ്പം തന്നെ ഋഷികേശിലെ സാഹസിക വിനോദങ്ങളും സഞ്ചാരികളെ ഉത്തരാഖണ്ഡിലേക്ക് ആകർഷിക്കുന്ന ഒന്നാണ്. റാഫ്റ്റിങ്, ബങ്കീ ജംപിങ് എന്നിവയ്ക്ക് പ്രസിദ്ധമായ ഇടമാണ് ഋഷികേശ്. ആത്മീയ യാത്രയാണ് മനസ്സിലെങ്കിൽ ഹരിദ്വാർ, ഋഷികേശ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി, ബദ്രിനാഥ് എന്നിവിടങ്ങളാണ് പറ്റിയ ഇടങ്ങൾ. കാടും വന്യമൃഗങ്ങളേയും കാണാൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ ജിം കോർബറ്റ് നാഷണൽ പാർക്ക്, നന്ദാ ദേവി ബയോസ്ഫിയർ എന്നിവ സന്ദർശിക്കാവുന്നതാണ്. എന്നാൽ ഈ കാഴ്ചകൾ മാത്രമല്ലാതെ അധികം സഞ്ചാരികൾ എത്താത്ത മനോഹരമായയിടങ്ങളും ഉത്തരാഖണ്ഡിന് സൗന്ദര്യമേകുന്നുണ്ട്. അവധിക്കാല യാത്ര ശാന്തമായ ഒരിടത്തേക്ക് ആകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ സന്ദർശിക്കാൻ കഴിയുന്ന ആ സുന്ദരയിടങ്ങളെ പരിചയപ്പെടാം.
പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ നൈനിറ്റാളില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് പാങ്ങോട്ട് ഹില്‍സ്റ്റേഷന്‍. പക്ഷിനിരീക്ഷകരുടെ പറുദീസയാണ് ഇവിടം ഏകദേശം മുന്നൂറോളം ഇനത്തില്‍പ്പെട്ട പക്ഷികള്‍ ഇവിടെയുണ്ട്. വേനല്‍ക്കാലത്ത് പ്രസന്നമായ കാലാവസ്ഥയും മഞ്ഞുകാലത്ത് വെള്ളത്തൊപ്പിയിട്ടതുപോലെയുള്ള ഹിമാലയന്‍ മലനിരകളുടെ കാഴ്ചയുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
മഞ്ഞിന്റെ മേലങ്കിയണിഞ്ഞു അതിമനോഹരിയായി നിൽക്കുന്ന നാടാണ് മലരി. ശീതകാലത്ത് ഇങ്ങോട്ടുള്ള യാത്രയും ഇവിടുത്തെ താമസവും കഠിനമെങ്കിലും വസന്തത്തിൽ ആരെയും മോഹിപ്പിക്കുന്നത്രയും സൗന്ദര്യമുണ്ട് ഈ ഗ്രാമത്തിന്. നന്ദാദേവി ബയോസ്ഫിയറിനു സമീപത്തായി ദൗലി ഗംഗ താഴ്‌വരയിലാണ് മലരി സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ, ജോഷിമതിൽ നിന്നു 61 കിലോമീറ്റർ സഞ്ചരിച്ചാൽ മലരിയിൽ എത്തിച്ചേരാം.
ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയില്‍ 1,700 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹില്‍സ്റ്റേഷനാണ് ഖിര്‍സു. പൗരിയിൽ നിന്ന് 11 കിലോമീറ്ററും ഡെറാഡൂണില്‍ നിന്ന് 92 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. പ്രകൃതി മനോഹാരിതയ്ക്ക് ഏറെ പേരുകേട്ട ഖിര്‍സുവില്‍ നിന്നും 300 കിലോമീറ്റർ വിസ്തൃതിയില്‍ ഹിമാലയത്തിന്‍റെ കാഴ്ചകള്‍ കാണാന്‍ സാധിക്കും.
പിത്തോറഗഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് മുൻസിയാരി. സമുദ്രനിരപ്പിൽ നിന്ന് 2,298 മീറ്റർ ഉയരത്തിലാണ് ഈ ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ‘ഹിമമുള്ള സ്ഥലം’ എന്നാണ് മുൻസിയാരി എന്ന വാക്കിനർഥം. പ്രകൃതി മനോഹാരിത കൊണ്ടുതന്നെ ‘ലിറ്റിൽ കശ്മീർ’ എന്നും മുന്‍സിയാരിയെ വിശേഷിപ്പിക്കാറുണ്ട്.
അധികം സഞ്ചാരികള്‍ എത്തിച്ചേരാത്ത അതിസുന്ദരമായ ഒരു ഗ്രാമമാണ് ചോപ്ത. “ഉത്തരാഖണ്ഡിലെ മിനി സ്വിറ്റ്സർലൻഡ്” എന്നും ഇത് അറിയപ്പെടുന്നു. മഞ്ഞുകാലമാണ് ട്രെക്കിങ് യാത്രകള്‍ക്ക് ഇവിടെ ഏറെ അനുയോജ്യം. അധികം ചെലവേറിയ യാത്രയല്ല എന്നതും സഞ്ചാരികള്‍ക്ക് ആകര്‍ഷകമായി തോന്നാവുന്ന ഒരു കാര്യമാണ്.
ഇന്ത്യക്കും ചൈനക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ അവസാന അതിര്‍ത്തി ഗ്രാമമാണ് മാന. ഏകദേശം 3,200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം, പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ ബദരിനാഥില്‍ നിന്നും വെറും മൂന്നു കിലോമീറ്റര്‍ മാത്രം ദൂരെയാണ്.
















