കാസർകോട് തൃക്കരിപ്പൂരിൽ ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപിച്ച് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. യുവാക്കളുടെ ആക്രമണത്തിൽ ഇതര സംസ്ഥാനക്കാരായ ഹോട്ടൽ ജീവനക്കാർക്കു പരുക്കേറ്റു.
ഇന്നലെ വൈകിട്ട് തൃക്കരിപ്പൂരിലെ ‘പോക്കോപ്’ ഹോട്ടലിലാണ് സംഭവം നടക്കുന്നത്. നാല് യുവാക്കൾ ആഹാരം കഴിക്കാനായി ഹോട്ടലിൽ എത്തുന്നത്. എന്നാൽ ഭക്ഷണം ഓർഡർ ചെയ്തിട്ടും വൈകിയാണ് ഭക്ഷണം ലഭിച്ചത്. ഇതിൽ പ്രകോപിതരായ യുവാക്കൾ ഹോട്ടലിൽ പ്രശ്നമുണ്ടാക്കുകയും ഗ്ലാസുകളും പാത്രങ്ങളും എറിഞ്ഞു തകർക്കുകയും ചെയ്തു.
ഉടൻ തന്നെ ഹോട്ടൽ ഉടമ ചന്തേര പോലീസിനെ വിവരമറിയിക്കുകയും പോലീസ് എത്തി യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. സ്റ്റേഷനിൽ എത്തിയ ഇവർക്ക് പോലീസുകാർ താക്കിത് നൽകി വിട്ടയച്ചു.
ഇതിനു പിന്നാലെ പ്രതികാരം തീർക്കാനായി ഇരുപത്തിയഞ്ചോളം വരുന്ന ആളുകൾ ഹോട്ടലിലെത്തുകയും ഹോട്ടലിന്റെ ചില്ലുകളും സാധനങ്ങളും അടിച്ചു തകർക്കുകയും ജീവനക്കാരെ മർദിക്കുകയും പുറത്തു നിർത്തിയിട്ടിരുന്ന ഡെലിവറി വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു.
പയ്യന്നൂർ സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.
















