ബോളിവുഡ് നടൻ രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രമാണ് ‘ധുരന്ധർ’. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പതിപ്പ് തിയേറ്ററുകളിൽ എത്തി. ‘ധുരന്ധർ’ലെ ‘ബലൂച്’ എന്ന വാക്ക് നിശബ്ദമാക്കാൻ നിർമാതാക്കൾക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശം നൽകിയിരുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാറ്റങ്ങൾ വരുത്തിയ പുതിയ പതിപ്പ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
പാകിസ്താനിലെ സാമൂഹിക വംശീയ സംഘർഷങ്ങളെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും വസ്തുതകളും സാങ്കൽപ്പിക സംഭവങ്ങളും കൂട്ടിച്ചേർത്ത് പറയുന്ന കഥയാണ് ‘ധുരന്ധർ’. ബലൂചിനെക്കുറിച്ചുള്ള രണ്ട് വാക്കുകളും ഒരു സംഭാഷണവും നിശബ്ദമാക്കാൻ കേന്ദ്രം നിർമാതാക്കളോട് ആവശ്യപ്പെട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച ഇ-മെയിൽ വിതരണക്കാരിൽനിന്ന് തിയേറ്റർ ഉടമകൾക്ക് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ‘ധുരന്ധർ’ ഇന്ത്യൻ ബോക്‌സ് ഓഫീസിലെ റെക്കോർഡുകളെ തിരുത്തിക്കുറിച്ചുകൊണ്ട് മുന്നേറ്റം തുടരുകയാണ്. ചിത്രം ആഗോള കളക്ഷനിൽ 1,100 കോടി പിന്നിട്ടതായി നിർമാതാക്കളായ ജിയോ സ്റ്റുഡിയോസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 1999-ലെ കാണ്ഡഹാർ വിമാനറാഞ്ചൽ, 2001-ലെ പാർലമെന്റ് ഭീകരാക്രമണം, 2008-ലെ മുംബൈ ഭീകരാക്രമണം എന്നീ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം.
















