ഹരിയാനയിലെ ഗുരുഗ്രാമിൽ ഓടുന്ന വാനിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം റോഡിൽ വലിച്ചെറിയപ്പെട്ട 25 വയസ്സുകാരി അപകടനില തരണം ചെയ്തെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു.
യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ ഒരു കണ്ണ് പൂർണമായി തകർന്ന നിലയിലാണ്. കൂടാതെ, മുഖത്തെ അസ്ഥികൾ പൊട്ടി ആഴത്തിലുള്ള മുറിവുകൾ ഉണ്ടായി. ഈ മുറിവുകൾ കൂട്ടിച്ചേർക്കാൻ 20-ൽ അധികം തുന്നലുകൾ വേണ്ടിവന്നു.
തലയ്ക്കും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഓടുന്ന വാഹനത്തിൽ നിന്ന് റോഡിലേക്ക് വലിച്ചെറിയപ്പെട്ടപ്പോഴാണ് തലയ്ക്ക് പരിക്ക് സംഭവിച്ചത്.
പീഡനം ചെറുക്കാൻ ശ്രമിച്ച യുവതിയെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയും ശബ്ദമുണ്ടാക്കിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികളെ അനുസരിക്കാതിരുന്നപ്പോൾ കത്തി ഉപയോഗിച്ച് ആക്രമിച്ചതായും മൊഴിയിൽ പറയുന്നു.
തിങ്കളാഴ്ച രാത്രി എട്ടരയോടെ ഫരീദാബാദിലെ വീട്ടിൽ നിന്ന് സുഹൃത്തിനെ കാണാനായി പോയ യുവതിയാണ് ആക്രമിക്കപ്പെട്ടത്. അർദ്ധരാത്രിയോടെ വാനിലെത്തിയ പ്രതികൾ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. വാഹനത്തിൽ കയറിയതിന് പിന്നാലെ വഴി മാറ്റി ഓടിച്ച പ്രതികൾ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ യുവതിയെ രാജാചൗക്കിന് സമീപം റോഡിലേക്ക് വലിച്ചെറിഞ്ഞു.
കടുത്ത തണുപ്പിൽ ഒറ്റപ്പെട്ട യുവതി സഹോദരിയെ വിളിച്ച് സഹായം തേടുകയായിരുന്നു. തുടർന്ന് ബന്ധുക്കളെത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
യുവതിയുടെ സഹോദരി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. 25-നും 30-നും ഇടയിൽ പ്രായമുള്ള ഉത്തർപ്രദേശ്, മധ്യപ്രദേശ് സ്വദേശികളാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. പ്രതികൾ കുറ്റം സമ്മതിച്ചെങ്കിലും തെളിവെടുപ്പിന് ശേഷമേ പേരുവിവരങ്ങൾ പുറത്തുവിടൂ എന്ന് പോലീസ് അറിയിച്ചു.
















