തൃശ്ശൂര്‍: മറ്റത്തൂരില്‍ ബിജെപിയെ കൂട്ടുപിടിച്ച് അധികാരത്തിലെത്തിയവരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള തീരുമാനമുണ്ടായാല്‍ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍. ബിജെപിയുടെ കൂടെ ചേര്‍ന്ന് പാര്‍ട്ടിയെ നാണം കെടുത്തിയവരെ തിരിച്ചെടുക്കുന്നതിലുള്ള അതൃപ്തിയാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് മറ്റത്തൂര്‍ പഞ്ചായത്തില്‍ ഇവരുണ്ടാക്കിയതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഡിസിസി സെക്രട്ടറി ടി എം ചന്ദ്രന്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും അതുതന്നെ ആവര്‍ത്തിച്ചു. ഡിസിസി നിര്‍ദേശങ്ങള്‍ ഒന്നും പാലിക്കാതെ സമാന്തര ഡിസിസിയായാണ് ടി എം ചന്ദ്രന്‍ പ്രവര്‍ത്തിച്ചത്. കെപിസിസി ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ടി എം ചന്ദ്രനെയും ഷാഫി കല്ലുപറമ്പിലിനെയും തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
















