തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനു തിരിച്ചടി. ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷപ്പെടുത്താൻ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാതായിരുന്നു കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമായിരുന്നു പ്രതികള്‍. ഇവർ കുറ്റക്കാർ ആണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമ്മിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഡ്ഡലോചന നടത്തുക, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്നാവുന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി വിധിപറഞ്ഞത്. അഭിഭാഷകനായ ആന്റണി രാജു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനൽകിയതിനെ തുടർന്ന് പ്രതി ശിക്ഷയിൽ നിന്ന് രക്ഷപെട്ടുവെന്നാണ് കേസ്. ആന്റണി രാജുവിന് പുറമെ കോടതി ജീവനക്കാരനായ ജോസും കേസിൽ പ്രതിയാണ്.
















