മിമിക്രി ആർട്ടിസ്റ്റ് കൊല്ലം സുധിയുടെ മകൻ എന്ന നിലയിൽ പ്രശസ്തനാണ് കിച്ചു, അടുത്തിടെ സ്വന്തം യൂട്യൂബ് ചാനലിൽ നടത്തിയ ലൈവ് സെഷനിലൂടെ പങ്കുവെച്ച കാര്യങ്ങൾ ആരാധകരുടെ മനസ്സിൽ നോവായി പടരുകയാണ്.
പ്രിയപ്പെട്ട അച്ഛൻ സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ്, അവതാരക ലക്ഷ്മി നക്ഷത്രയുമായുള്ള സൗഹൃദത്തെക്കുറിച്ചും അമ്മ രേണുവിനെക്കുറിച്ചും കിച്ചുവിന്റെ വൈകാരികമായ തുറന്നുപറച്ചിലുകൾ.
അച്ഛൻ സുധിയുടെ മരണശേഷം കുടുംബത്തിന് ഏറ്റവും വലിയ താങ്ങും തണലുമായി നിന്ന വ്യക്തിയായിരുന്നു അവതാരക ലക്ഷ്മി നക്ഷത്ര. എന്നാൽ, ഇപ്പോൾ ലക്ഷ്മി ചേച്ചിയുമായി സംസാരിക്കാറുണ്ടോ എന്ന ആരാധകരുടെ ചോദ്യത്തിന് കിച്ചു നൽകിയ മറുപടി വേദനയുണർത്തുന്നതായിരുന്നു.
“മുമ്പ് കോൺടാക്റ്റ് ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ മെസ്സേജുകൾ വരാറില്ല. താൻ അങ്ങോട്ടും മെസ്സേജ് അയക്കാറില്ല,” കിച്ചു വ്യക്തമാക്കി. ഏറെ പിന്തുണ നൽകിയ ഒരാളുമായുള്ള ബന്ധം വിട്ടുപോയെന്ന കിച്ചുവിൻ്റെ വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചാവിഷയമായിരിക്കുകയാണ്.
സുധിയുടെ മരണശേഷം അമ്മ രേണുവിനെക്കുറിച്ചുള്ള വിവരങ്ങളും കിച്ചു ലൈവിൽ വെളിപ്പെടുത്തി. “അമ്മ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല, കുറച്ചുകാലമായി ഫോൺ വിളിക്കാറുമില്ല,” എന്ന കിച്ചുവിൻ്റെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിച്ചു. നിലവിൽ കൊല്ലത്ത് മുത്തശ്ശിക്കും അച്ഛന്റെ സഹോദരനും ഒപ്പമാണ് കിച്ചുവിന്റെ താമസം.
“താൻ തൻ്റെ കാര്യം നോക്കി മുന്നോട്ട് പോകുന്നു. കൊല്ലത്താണ് തനിക്ക് കൂടുതൽ കംഫർട്ട്,” എന്നും കോട്ടയത്തേക്ക് പോയി താമസിക്കാൻ താൽപര്യമില്ലെന്നും കിച്ചു കൂട്ടിച്ചേർത്തു. അച്ഛൻ്റെ വേർപാടിന് പിന്നാലെ കുടുംബബന്ധങ്ങളിലുണ്ടായ ഈ അകൽച്ച കിച്ചുവിൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്.
എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കിച്ചു ഇപ്പോൾ അനിമേഷൻ വി.എഫ്.എക്സ് (VFX) കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുകയാണ്. പഠനം പൂർത്തിയാക്കി നല്ലൊരു ജോലി സമ്പാദിച്ച് അച്ഛന് അഭിമാനമായി മാറണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും കിച്ചു ആരാധകരോട് പറഞ്ഞു.
ബിഗ് ബോസിലേക്ക് വിളിച്ചാൽ പോകുമെന്നും പുതിയ ചലഞ്ച് വീഡിയോകളുമായി യൂട്യൂബിൽ സജീവമാകുമെന്നും കൂട്ടിച്ചേർത്താണ് കിച്ചു തൻ്റെ ലൈവ് അവസാനിപ്പിച്ചത്. സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളുമായി ഒറ്റയ്ക്ക് മുന്നോട്ട് പോകുന്ന ഈ യുവതാരത്തിന് എല്ലാ പിന്തുണയും നൽകി കൂടെയുണ്ടാകുമെന്നാണ് ആരാധകർ ഉറപ്പുനൽകുകയാണ്.
















