പ്രായവും വിദ്യാഭ്യാസ യോഗ്യതയുമൊന്നും ഒരു വിഷയമേയല്ല. പക്ഷേ ഒരു സ്പെഷ്യൽ കഴിവ് കൂടിയേ തീരൂ—അതാണ് ലങ്കൂർ കുരങ്ങുകളുടെ ശബ്ദത്തിൽ കരയാനുള്ള ശേഷി! ഡൽഹി നിയമസഭാ വളപ്പിലെ സ്ഥിരം ശല്യക്കാരായ കുരങ്ങൻമാരെ തുരത്താനായി കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ തേടുകയാണ് പൊതുമരാമത്തു വകുപ്പ്. ശല്യം രൂക്ഷമായതിനെത്തുടർന്നാണ്, ഇവയെ നിയമപരമായി ഓടിക്കാൻ വിചിത്രമായ ഈ തൊഴിലവസരം വീണ്ടും സൃഷ്ടിച്ചിരിക്കുന്നത്.
ഡൽഹിയിലെ നിയമസഭാ മന്ദിരവും പരിസരവും റീസസ് വർഗ്ഗത്തിൽപ്പെട്ട കുരങ്ങൻമാരുടെ സ്ഥിരം താവളമായതോടെയാണ് ഈ വിചിത്ര നിയമനത്തിന് അധികൃതർ നിർബന്ധിതരായത്. മുൻപ് പാർലമെന്റ് പരിസരത്ത് ഉൾപ്പെടെ കുരങ്ങുകളെ പേടിപ്പിച്ചു തുരത്താനായി പരിശീലകർക്കൊപ്പം ലങ്കൂർ കുരങ്ങുകളെ നിയോഗിച്ചിരുന്നു.
എന്നാൽ മൃഗാവകാശ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ലങ്കൂറുകൾക്ക് പകരം, അവയുടെ ശബ്ദം അനുകരിക്കാൻ അറിയാവുന്ന മനുഷ്യർക്ക് ജോലി നൽകാൻ തീരുമാനിക്കുകയായിരുന്നു. ലങ്കൂറുകളുടെ ശബ്ദം കേൾക്കുമ്പോൾ മറ്റ് കുരങ്ങുകൾ ഭയന്നോടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
പുതിയ ജീവനക്കാരുടെ പ്രധാന ജോലി, ലങ്കൂറുകളുടെ ശബ്ദമുണ്ടാക്കിയും വടി വീശിയും കുരങ്ങൻമാരെ നിയമസഭാ വളപ്പിൽ നിന്നും അകറ്റി നിർത്തുക എന്നതാണ്. ഇവയെ ഒരു കാരണവശാലും ഉപദ്രവിക്കരുത് എന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ദിവസം എട്ട് മണിക്കൂറാണ് ജോലി സമയം; ശനിയാഴ്ചയും ഡ്യൂട്ടിയുണ്ടാകും.
നേരത്തേ കുരങ്ങുകളെ ഭയപ്പെടുത്താനായി ലങ്കൂറുകളുടെ കട്ടൗട്ടുകൾ വെച്ചിരുന്നെങ്കിലും, കുശാഗ്ര ബുദ്ധിക്കാരായ കുരങ്ങൻമാർ ആ കട്ടൗട്ടുകളുടെ മുകളിൽ കയറി ഇരിക്കുന്നത് പതിവാക്കിയതോടെ ആ ശ്രമം പരാജയപ്പെട്ടു.
നിയമസഭാ മന്ദിരത്തിന്റെ സുരക്ഷയ്ക്ക് പോലും ഭീഷണിയായി മാറിയിരിക്കുകയാണ് ഈ കുരങ്ങുശല്യം. 2017-ൽ സഭാ നടപടികൾ നടക്കുന്നതിനിടെ ഒരു കുരങ്ങൻ അകത്തേക്ക് പാഞ്ഞു കയറി കാര്യങ്ങൾ ആകെ സ്തംഭിപ്പിച്ച ചരിത്രമുണ്ട്. കൂടാതെ, ഓഫിസുകളിലും മറ്റ് മുറികളിലും അതിക്രമിച്ചു കയറി ഭക്ഷണ സാധനങ്ങൾ അപഹരിക്കുന്നതും ആന്റിനകളും വയറുകളും സ്വിച്ച്ബോർഡും നശിപ്പിക്കുന്നതും നിത്യസംഭവമാണ്.
കുരങ്ങൻമാരെ ഓടിക്കാൻ നിയോഗിച്ചിരുന്നവരുടെ കരാർ കാലാവധി കഴിഞ്ഞതിനാലാണ് പുതിയ നിയമനത്തിനായി ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. എന്തായാലും, ലങ്കൂർ ശബ്ദമുള്ളവർക്ക് ഡൽഹി നിയമസഭയിൽ ഒരു ‘വിചിത്ര’ ജോലിയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണ്.
















