റായ്‌പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ചു. ചത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ദർഭ വാലി കമ്മിറ്റിയിലെ പ്രമുഖ നേതാക്കളും ഉൾപ്പെടുന്നു.
ശനിയാഴ്ച പുലർച്ചെ സുകമ, ബിജാപൂർ ജില്ലകളിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സുകമ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളും ബിജാപൂരിൽ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്.കോണ്ട ഏരിയ കമ്മിറ്റി നേതാവായ സച്ചിൻ മംഗ്‌തു ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കോണ്ട എഎസ്പി ആകാശ് റാവു ഗിരേപുഞ്ജെയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മാവോയിസ്റ്റ് കമാൻഡർമാരെല്ലാം ഈ ഏറ്റുമുട്ടലിലൂടെ ഇല്ലാതായതായി പൊലീസ് വൃത്തങ്ങൾ അവകാശപ്പെട്ടു. രഹസ്യവിവരത്തെത്തുടർന്ന് ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. പുലർച്ചെ അഞ്ച് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടുനിന്നു.
സംഭവസ്ഥലത്തുനിന്ന് എകെ-47, ഇൻസാസ് റൈഫിളുകൾ, എസ്എൽആർ ഉൾപ്പെടെയുള്ള വൻ ആയുധശേഖരവും വെടിക്കോപ്പുകളും സുരക്ഷാസേന കണ്ടെടുത്തു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. 2026-ലെ സുരക്ഷാസേനയുടെ ആദ്യത്തെ വലിയ സൈനിക നീക്കമാണിത്. കഴിഞ്ഞ വർഷം ചത്തീസ്ഗഡിൽ വിവിധ ഏറ്റുമുട്ടലുകളിലായി 285 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
















