വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിലും അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ജനുവരി പകുതിയോടെ അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും (കൊൽക്കത്ത) ഇടയിൽ ആണ് ആദ്യ സ്ലീപ്പർ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്.
വന്ദേഭാരത് ചെയർകാർ ട്രെയിനുകൾക്കു ലഭിച്ച വൻ സ്വീകാര്യതയാണ് അത്യാധുനിക സൗകര്യങ്ങളോടെ സ്ലീപ്പർ ട്രെയിനുകൾ ഇറക്കാൻ പ്രേരണയായത്. മണിക്കൂറിൽ 180 വരെ കിലോമീറ്റർ വേഗമുള്ള ട്രെയിനിന് 16 കോച്ചുകളാണുള്ളത്. 833 പേർക്ക് യാത്ര ചെയ്യാം.
തേഡ് എസിയിൽ 2300, സെക്കൻഡ് എസിയിൽ 3000, ഫസ്റ്റ് എസിയിൽ 3600 എന്നിങ്ങനെയായിരിക്കും ഭക്ഷണം ഉൾപ്പെടെ ഏകദേശ ടിക്കറ്റ് നിരക്ക്.
കുലുക്കമില്ലാത്ത യാത്ര ഉറപ്പു നൽകുന്ന ട്രെയിനിൽ മികച്ച ബെർത്തുകൾ, ഓട്ടമാറ്റിക് വാതിലുകൾ, കവച് സുരക്ഷാ സംവിധാനം, അടിയന്തര ടോക്ക്-ബാക്ക് സിസ്റ്റം, ശുചിത്വം, അണുമുക്തമായതും ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതുമായ അന്തരീക്ഷം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
















