യുപിയിൽ വീടിന്റെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം. സംഭവത്തിൽ രാജു, വീരു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സിക്കന്ദറബാദ് ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഒരു ഗ്രാമത്തിൽ വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു പെൺകുട്ടിയുടെ കുടുംബം. ഇതേ കെട്ടിടത്തിൽ തന്നെയാണ് പ്രതികളും താമസിക്കുന്നത്.
ആറു വയസ്സുള്ള കുട്ടി കളിക്കാനായി വീടിന്‍റെ ടെറസിൽ കയറിയതായിരുന്നു. അപ്പോഴാണ് പ്രതികളായ രാജുവും വീരുവും അവിടെ എത്തിയത്. ഇവർ കുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് ടെറസിന്റെ മുകളിൽ നിന്ന് എടുത്ത് എറിയുകയായിരുന്നു.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചേക്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് യുവാക്കൾ ചേർന്ന് കുട്ടിയെ ബലാത്സംഗം ചെയ്തതിനു ശേഷം മേൽക്കൂരയിൽ നിന്ന് വലിച്ചെറിഞ്ഞതാണെന്ന് കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി.
സംഭവം നടന്ന ശേഷം ഇരുവരും ഒളിവിലായിരുന്നു. പിതാവിന്റെ പരാതിയിൽ കേസ് എടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ കൻവാരയിൽ ഇവർ ഒളിച്ചിരുന്ന സ്ഥലം കണ്ടെത്തി.
പോലീസ് സ്ഥലത്തെത്തിയപ്പോൾ ഇവർ രക്ഷപെടാനായി ശ്രമിച്ചു. തുടർന്ന് യുവാക്കളെ പോലീസ് കാലിൽ വെടി വെച്ചാണ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
















