സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പന്ത്രണ്ടാം ശമ്പള പരിഷ്കരണം ബജറ്റ് അവതരണത്തിന് മുന്നോടിയായി പ്രഖ്യാപിക്കാൻ സാധ്യതയേറി.
നടപടികൾ അവസാന ഘട്ടത്തിലാണെന്നും, മാർച്ച് മാസത്തോടെ പുതിയ ശമ്പളം വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ധനവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2024 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും പുതിയ ശമ്പള പരിഷ്കരണം നിലവിൽ വരിക.
ശമ്പള പരിഷ്കരണ പ്രഖ്യാപനത്തിനൊപ്പം മറ്റ് സുപ്രധാന ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇടതുമുന്നണിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പങ്കാളിത്ത പെൻഷൻ പദ്ധതി (NPS) പിൻവലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യതകളുണ്ട്.
അതോടൊപ്പം, സാമൂഹ്യ ക്ഷേമപെൻഷനുകളുടെ വർധനയും ഉറപ്പാണ്. ക്ഷേമപെൻഷൻ തുക 2500 രൂപ എന്ന ലക്ഷ്യത്തിലേക്ക് ഘട്ടം ഘട്ടമായി എത്തിക്കാൻ സർക്കാർ ശ്രമിക്കുമെന്നാണ് സൂചന.
ഇത്തവണ ശമ്പള പരിഷ്കരണത്തിനായി പ്രത്യേക കമ്മീഷനെ നിയമിക്കുന്നതിന് പകരം സർക്കാർ ചുമതലപ്പെടുത്തിയ ഉന്നതതല ഉദ്യോഗസ്ഥ സമിതിയാണ് പരിഷ്കരണത്തിനായുള്ള ഫോർമുലയും നിർദ്ദേശങ്ങളും തയ്യാറാക്കിയത്. ഈ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചുകഴിഞ്ഞു. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളിൽ രാഷ്ട്രീയ തീരുമാനം വന്നാലുടൻ ശമ്പള പരിഷ്കരണം പ്രഖ്യാപിക്കാനാണ് സാധ്യത.
കഴിഞ്ഞ ശമ്പള പരിഷ്കരണ സമയത്ത്, നിലവിലുള്ള അടിസ്ഥാന ശമ്പളത്തിന്റെ 1.37 മടങ്ങ് കണക്കാക്കിയാണ് പുതിയ അടിസ്ഥാന ശമ്പളം നിശ്ചയിച്ചത്.
ഇത്തവണയും സമാനമായ ഒരു വർധനവ് ജീവനക്കാർ പ്രതീക്ഷിക്കുന്നുണ്ട്. ശമ്പള വർധന എത്ര മടങ്ങ് എന്നത് സംബന്ധിച്ച ഉദ്യോഗസ്ഥ സമിതിയുടെ നിർദ്ദേശം രാഷ്ട്രീയ നേതൃത്വത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.
















