കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഓരോ തിരഞ്ഞെടുപ്പിലും ഓരോ തരത്തിലുള്ള വർഗ്ഗീയ നിലപാടുകളെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണെന്നും, ഇത് സമൂഹത്തിൽ മതസ്പർദ്ധ വളർത്താൻ കാരണമാകുമെന്നും അദ്ദേഹം വിമർശിച്ചു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗ്ഗീയതയെയും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വർഗ്ഗീയതയെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഈ വർഗ്ഗീയ നിലപാടുകൾ കാരണമാണ് രണ്ട് തിരഞ്ഞെടുപ്പുകളിലും എൽഡിഎഫിന് പരാജയം നേരിടേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം ഇനി വർഗ്ഗീയ നിലപാടാണ് നല്ലത്” എന്ന അവസ്ഥയിലാണ് നിലവിൽ സർക്കാരെന്നും അദ്ദേഹം പരിഹസിച്ചു.
സമൂഹത്തിൽ മതനിരപേക്ഷ നിലപാടാണ് ആവശ്യം. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രി തിരുത്തിയില്ലെങ്കിലും വെള്ളാപ്പള്ളി തിരുത്തേണ്ടതില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിജയസാധ്യത മാത്രമായിരിക്കും യുഡിഎഫിന്റെ പ്രധാന മാനദണ്ഡമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച് നേതൃതലത്തിൽ വിശദമായ ചർച്ചകൾ ഉടൻ നടക്കും. ഇതിന് ശേഷമായിരിക്കും മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി സീറ്റ് വിഭജനം സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിക്കുക.
കഴിഞ്ഞ തവണ 53% യുവാക്കളെയും സ്ത്രീകളെയും യുഡിഎഫ് പരിഗണിച്ചിരുന്നുവെന്നും, യുവാക്കൾക്ക് പ്രാധാന്യം നൽകുന്നത് മുതിർന്ന നേതാക്കളെ മാറ്റിനിർത്താൻ വേണ്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















