കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ളോറസിനെയും യുഎസ് സൈന്യം ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും സ്റ്റുവര്‍ട്ട് നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. അമേരിക്കൻ സൈന്യം രാത്രി നടത്തിയ ഓപ്പറേഷനിലൂടെ ഇരുവരെയും ന്യൂയോർക്കിലേക്ക് കൊണ്ടുപോയതിന്റെ ഞെട്ടലിലാണ് രാജ്യം.
റോഡുകൾ വിജനം. കടകളിൽ ഭൂരിഭാഗവും അടഞ്ഞു കിടക്കുന്നു. തുറന്ന സൂപ്പർ മാർക്കറ്റുകൾക്ക് മുന്നിൽ വലിയ ക്യൂവാണ്. ഭക്ഷണക്ഷാമം ഉണ്ടാകുമെന്ന് പലരും ഭയപ്പെടുന്നു. മഡുറോയെ അനുകൂലിക്കുന്നവർ ചില നഗരങ്ങളിൽ പ്രതിഷേധ റാലി നടത്തി. വൈസ് പ്രസിഡന്റായ ഡെൽസി റോഡ്രിഗസിനോട് ഇടക്കാല പ്രസിഡന്റിന്റെ സ്ഥാനം ഏറ്റെടുക്കാൻ സുപ്രീംകോടതി നിർദേശം നൽകി. യുഎസ് ആക്രമണത്തിൽ വെനസ്വേലയിലെ സൈനിക കേന്ദ്രങ്ങളിൽ വലിയ നാശനഷ്ടം ഉണ്ടായതായി സാറ്റലൈറ്റ് ചിത്രങ്ങൾ വിശകലനം ചെയ്ത് ബിബിസി റിപ്പോർട്ട് ചെയ്തു. മുഖ്യ സൈനിക താവളമായ ഫോർട്ട് ട്യൂണയില്‍ നടത്തിയ ആക്രമണത്തിൽ ആറ് കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി. ഒരു കെട്ടിടത്തിൽനിന്ന് പുക ഉയരുന്നതും മൂന്നു കെട്ടിടങ്ങൾ പൂർണമായി തകർന്നതും ചിത്രങ്ങളിൽ കാണാം.
അമേരിക്ക പിടികൂടിയ മഡുറോയെ ബ്രൂക്‌ലിനിലെ തടവറയിലെത്തിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പ്രധാന വ്യക്തികളെ പാർപ്പിക്കുന്ന തടവറയാണിത്. കൈവിലങ്ങ് വച്ച മഡുറോയുമായി ഉദ്യോഗസ്ഥർ പോകുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.
ശനിയാഴ്ച പുലർച്ചെ വെനസ്വേലൻ തലസ്ഥാനമായ കാരക്കസിൽനിന്നും പിടികൂടിയ മഡുറോയെയും ഭാര്യയെയും യുഎസ് സൈനിക ഹെലികോപ്റ്ററിൽ കരീബിയൻ കടലിലെ അജ്ഞാതമായ സ്ഥലത്തുണ്ടായിരുന്ന വിമാനവാഹിനി കപ്പലിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഗ്വാണ്ടനാമോയിലെ യുഎസ് നാവിക കേന്ദ്രത്തിലെത്തിച്ചു. പിന്നീട് വിമാനത്തിൽ ന്യൂയോർക്കിലെത്തിച്ചു.
ശനിയാഴ്ച പുലർച്ചെ പ്രാദേശികസമയം 2ന് യുഎസ് സേനയുടെ ഭീകരവിരുദ്ധ വിഭാഗമായ ഡെൽറ്റ ഫോഴ്സ് വെറും 30 മിനിറ്റ് നീണ്ട ആക്രമണത്തിലൂടെയാണ് മഡുറോയെയും ഭാര്യയെയും പിടിച്ചുകൊണ്ടു പോയത്. പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. സുഗമമായ അധികാരക്കൈമാറ്റം സാധ്യമാകും വരെ വെനസ്വേലയുടെ ഭരണം യുഎസ് ഏറ്റെടുത്തതായും ട്രംപ് പ്രഖ്യാപിച്ചു.
















