ആരാധകർ ഏറെയുള്ള നടിയും നർത്തകിയുമാണ് സുധാ ചന്ദ്രൻ. ഇപ്പോഴിതാ ഭജൻ സന്ധ്യക്കിടെ വികാരാധീനയായി പെരുമാറുന്ന നടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. താരം പ്രാത്ഥനയ്ക്കിടെ അലറി കരയുകയും ചിരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾക്ക് വിമർശനങ്ങളും പിന്തുണയും ലഭിച്ചു.
What is Happening Here ? Why Actress Sudha Chandran Behaving Like This ? pic.twitter.com/Qu8pCMC9Qs
— POSITIVE FAN (@imashishsrrk) January 4, 2026
പരിപാടിക്കിടെ അവർ നൃത്തം ചെയ്യുന്നതും പിന്നീട് വിങ്ങിപ്പൊട്ടുന്നതും ചുറ്റുമുള്ളവർ അവരെ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്.
വെള്ളയും ചുവപ്പും കലർന്ന സാരിയും ഹെഡ്‌ബാൻഡും ധരിച്ചാണ് സുധ ചന്ദ്രൻ ഭജൻ ചടങ്ങിനെത്തിയത്. ചടങ്ങിൽ അവർ അതിയായി വികാരാധീനയാവുകയും, നിയന്ത്രണം നഷ്ടപ്പെട്ട് പെരുമാറുകയും ചെയ്യുമ്പോൾ ഒപ്പമുള്ളവർ അവരെ താങ്ങി നിർത്താൻ ശ്രമിക്കുന്നത് കാണാം. ചില ദൃശ്യങ്ങളിൽ അവർ കരയുന്നതായും മറ്റു ചിലതിൽ ഒരാളുടെ കയ്യിൽ കടിക്കുന്നതായും വീഡിയോയിലുണ്ട്. ഇതിനുമുമ്പ് പുറത്തുവന്ന മറ്റുചില ദൃശ്യങ്ങളിൽ അവർ വളരെ ശാന്തമായി പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നതും ഭക്തിയോടെ നൃത്തം ചെയ്യുന്നതും കാണാം.
ഇന്ത്യൻ ടെലിവിഷൻ രംഗത്തെയും സിനിമയിലെയും സുപരിചിതമായ മുഖമായ സുധാ ചന്ദ്രൻ, പ്രശസ്തയായ ഒരു ഭരതനാട്യം നർത്തകി കൂടിയാണ്. കഹിം കിസി റോസ് എന്ന പരമ്പരയിലെ രമോള സിക്കന്ദ് എന്ന ഐക്കോണിക് കഥാപാത്രത്തിലൂടെയാണ് അവർ ഏറെ പ്രശസ്തയായത്. ഇതിനുപുറമെ ‘നാഗിൻ’, ‘യേ ഹേ മൊഹബത്തേൻ’, ‘ക്യൂങ്കി സാസ് ഭീ കഭി ബഹു തി’, ‘മാതാ കി ചൗക്കി’ തുടങ്ങിയ നിരവധി പ്രശസ്തമായ പരമ്പരകളിലും അവർ അഭിനയിച്ചിട്ടുണ്ട്.
മലരും കിളിയും, കാലം മാറി കഥ മാറി, അവൻ അനന്തപദ്മനാഭൻ, അലക്സാണ്ടർ ദ ഗ്രേറ്റ്, ക്ലിയോ പാട്ര എന്നീ മലയാള ചിത്രങ്ങളിലും സുധ ചന്ദ്രൻ വേഷമിട്ടിട്ടുണ്ട്. 1982-ൽ ഒരപകടത്തിൽ തന്റെ കാൽ നഷ്ടപ്പെട്ടിട്ടും അഭിനയ നൃത്ത രംഗത്തേക്ക് തിരിച്ചു വന്ന നടിയാണ് സുധ ചന്ദ്രൻ.
















