വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജനനായകൻ’. സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇപ്പോഴിതാ ‘ജനനായകൻ’ ട്രെയിലറിന് ട്രോളന്മാർ വൻ പൊങ്കാല ഇട്ടിരിക്കുകയാണ്. ട്രെയിലറിലെ ഒരു രംഗത്തിൽ ഗൂഗിൾ ജെമിനി എഐയുടെ വാട്ടർമാർക്ക് പ്രത്യക്ഷപ്പെട്ടതാണ് ട്രെയിലർ എയറിൽ ആകാൻ കാരണം.
ഏകദേശം 400 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ഇത്രയും വലിയൊരു പ്രോജക്റ്റിൽ അണിയറപ്രവർത്തകർ കാണിച്ച അശ്രദ്ധ വിജയ്‌യെ പോലുള്ള ഒരു സൂപ്പർതാരത്തിന് ലഭിക്കേണ്ട അന്തസ്സാർന്ന യാത്രയയപ്പിന് മങ്ങലേൽപ്പിച്ചു എന്നാണ് ഉയരുന്ന പ്രധാന പരാതി. ട്രെയിലറിന്റെ 23-ാം സെക്കൻഡിൽ വിജയ് തോക്ക് ലോഡ് ചെയ്യുന്ന ഒരു രംഗത്തിൽ താഴെ വലത്തേയറ്റത്താണ് ജെമിനി ലോഗോ വ്യക്തമായി കാണുന്നത്. കോടികൾ മുടക്കി നിർമിക്കുന്ന ഇത്രയും വലിയൊരു സിനിമയിൽ, ലളിതമായ ഒരു ഷോട്ടിനായി എഐ ഉപയോഗിച്ചതും അതിന്റെ വാട്ടർമാർക്ക് പോലും നീക്കം ചെയ്യാൻ മറന്നുപോയതും അണിയറപ്രവർത്തകരുടെ അശ്രദ്ധയാണ് കാട്ടുന്നതെന്ന് സിനിമാപ്രേമികൾ ചൂണ്ടിക്കാട്ടുന്നു.
‘സ്വന്തമായി എന്തെങ്കിലുമുണ്ടോ?’ എന്നും ‘വിജയ്‌യെ പോലുള്ള ഒരു താരത്തിന് ഇതിലും മികച്ച യാത്രയയപ്പാണ് നൽകേണ്ടിയിരുന്നത്’ എന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. വിവാദമായതോടെ ഈ രംഗം ട്രെയ്‌ലറിൽ നിന്നും നീക്കം ചെയ്തതായാണ് വിവരം.
സാങ്കേതിക പിഴവുകൾക്ക് പുറമെ, ചിത്രം ഒരു റീമേക്ക് ആണെന്നതും വിമർശനങ്ങളുടെ ആക്കം കൂട്ടിയിട്ടുണ്ട്. ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണ് ജനനായകൻ എന്ന് ട്രെയിലറിലെ പല രംഗങ്ങളും സൂചന നൽകുന്നു. നേരത്തെ ഇതൊരു നേരിട്ടുള്ള റീമേക്ക് ആയിരിക്കില്ലെന്ന് സംവിധായകൻ പറഞ്ഞിരുന്നെങ്കിലും ട്രെയിലറിലെ സാമ്യതകൾ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. എങ്കിലും കളർ ഗ്രേഡിംഗിനും മറ്റും എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് സാധാരണമാണെന്ന് പറഞ്ഞ് ഒരു വിഭാഗം ആരാധകർ ചിത്രത്തെ പിന്തുണയ്ക്കുന്നുണ്ട്. വിമർശനങ്ങൾക്കിടയിലും ചിത്രത്തിലെ വൻ താരനിര പ്രതീക്ഷ നൽകുന്നതാണ്. വില്ലനായി ബോബി ഡിയോൾ എത്തുമ്പോൾ മമിത ബൈജു വിജയ്‌യുടെ സഹോദരി വേഷത്തിൽ അഭിനയിക്കുന്നു. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ വിജയ്യുടെ നായികയായി എത്തുന്നത്. ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരേൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം 2026 ജനുവരി 9-നാണ് തീയേറ്ററുകളിൽ എത്തുന്നത്.
















