തലസ്ഥാന നഗരിയെ നടുക്കി ജിം സെന്ററിന്റെ ഉടമസ്ഥാവകാശ തർക്കത്തെത്തുടർന്നുണ്ടായ ആക്രമണത്തിൽ, ഉടമസ്ഥനും ഭാര്യക്കും മകനും ക്രൂര മർദനമേറ്റു. ഡൽഹിയിലെ ലക്ഷ്മി നഗറിലാണ് സംഭവം. ജിമ്മിന്റെ കെയർ ടേക്കറും കൂട്ടാളികളുമാണ് ആക്രമണത്തിന് പിന്നിൽ. ഗുരുതരമായി പരിക്കേറ്റ ഉടമസ്ഥനെയും കുടുംബത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജിം കെയർ ടേക്കറായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലക്ഷ്മി നഗറിൽ താമസിക്കുന്ന രാജേഷ് ഗാർഗ്, ഭാര്യ റിത ഗാർഗ് എന്നിവർ ചേർന്ന് വീടിന്റെ ബേസ്മെന്റിലായിരുന്നു ജിം സെന്റർ നടത്തിയിരുന്നത്. ഈ സ്ഥാപനത്തിന്റെ കെയർ ടേക്കറായിരുന്ന സതീഷ് യാദവ്, വഞ്ചനയിലൂടെ സംരംഭം തട്ടിയെടുത്തുവെന്നാണ് ദമ്പതികളുടെ ആരോപണം. ഇതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ജനുവരി രണ്ടിന് നടന്ന അതിക്രൂരമായ മർദനത്തിൽ കലാശിച്ചത്.
വെള്ളച്ചോർച്ചയുണ്ടോ എന്ന് പരിശോധിക്കാനായി രാജേഷ് ഗാർഗ് ബേസ്മെന്റിൽ എത്തിയപ്പോഴാണ് സതീഷ് യാദവും മറ്റു പ്രതികളും ചേർന്ന് അദ്ദേഹത്തെ വളഞ്ഞതും മർദിച്ചതും. ഉടമസ്ഥാവകാശം സംബന്ധിച്ച് സതീഷ് യാദവ് പലപ്പോഴും തങ്ങളുമായി തർക്കത്തിലേർപ്പെട്ടിരുന്നുവെന്നും, ജിമ്മിന്റെ കെയർ ടേക്കർ എന്ന സ്ഥാനം മാത്രമാണ് നൽകിയിരുന്നതെന്നും റിത ഗാർഗ് പോലീസിനോട് വെളിപ്പെടുത്തി.
ക്രൂരമായ മർദനമേറ്റ ഭർത്താവിനെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ റിത ഗാർഗിനും അക്രമികളുടെ മർദനമേറ്റു. അവരുടെ മുടിക്ക് കുത്തിപ്പിടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തതായി പരാതിയിലുണ്ട്.
ഇതിനിടയിൽ, പ്രതികളിൽ ചിലർ വീട്ടിലേക്ക് ഇരച്ചുകയറി മകനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുവരികയും വസ്ത്രങ്ങളെല്ലാം അഴിച്ച് നഗ്നനാക്കി റോഡിലിട്ട് മർദിക്കുകയും ചെയ്തു. ആൾക്കൂട്ടം നോക്കി നിൽക്കെയായിരുന്നു ഈ അതിക്രമം. കൈകൂപ്പി ക്ഷമ ചോദിച്ചിട്ടും മകനെ വെറുതെവിട്ടില്ലെന്ന് റിത ഗാർഗ് വേദനയോടെ പറയുന്നു.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിനെതിരെ പിന്റു യാദവ് എന്നയാൾ ഥാർ വാഹനം ഓടിച്ചുവന്നതായും, തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നും റിതയുടെ പരാതിയിൽ പറയുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അതിക്രമത്തിന്റെ വ്യാപ്തി പുറംലോകം അറിയുന്നത്. ജിം കെയർ ടേക്കറായ സതീഷ് യാദവിനെ ലക്ഷ്മി നഗർ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, കേസിലെ മറ്റു പ്രതികളായ വികാസ് യാദവ്, ശുഭം യാദവ്, ഓംകാർ യാദവ് എന്നിവർ നിലവിൽ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
മർദനമേറ്റ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പാക്കുമെന്നും, ഒളിവിലുള്ള പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
















