പ്രേക്ഷകർക്ക് സുപരിചിതയാണ് അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. വിമർശനങ്ങളെ വളർച്ചയിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റിയ ആളാണ് രേണു സുധി. ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു സന്തോഷം കൂടി പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുകയാണ് താരം. യുകെ സന്ദർശിക്കാൻ ഒരുങ്ങുകയാണ് രേണു.
വരുന്ന ഏപ്രിൽ മാസമാണ് ഒരു പരിപാടിയുടെ ഭാഗമായി രേണു ലണ്ടൻ സന്ദർശിക്കാനെത്തുന്നത്. ‘‘സ്വപ്നം പോലും കാണാൻ കഴിയാത്ത കാര്യമായിരുന്നു ലണ്ടൻ യാത്ര. ദൈവം എനിക്കായി ആ വഴി തുറന്നുതന്നു. ലണ്ടൻ ബ്രിഡ്ജിൽ പോയി ഒരു ഫോട്ടോ എടുക്കാൻ ദൈവം എന്നെ അനുവദിക്കട്ടെ,’’. രേണു പറയുന്നു.
സാധാരണ വീട്ടമ്മയിൽ നിന്നും മലയാളികൾക്ക് സുപരിചിതയായ സെലിബ്രിറ്റിയായി രേണു സുധി മാറിയത് പരിഹാസങ്ങളുടെയും വിമർശനങ്ങളുടെയും ഇടയിലൂടെയാണ്. പ്രിയതമന്റെ വിവാഹശേഷം തളർന്നൊതുങ്ങി കൂടാൻ രേണു തയാറായിരുന്നില്ല.
സോഷ്യൽമീഡിയയുടെ ഗുണവും ദോഷവും ശരിയായി തിരിച്ചറിഞ്ഞ രേണു പടിപടിയാണ് തന്റെ വളർച്ചയുടെ പടികൾ ചവിട്ടി കയറിയത്. അതിനിടെ നിരവധി വിമർശനവും രേണുവിനെ നേരെ ഉയർന്നു. സോഷ്യൽ മീഡിയ റീൽസുകൾ ചെയ്തു തുടങ്ങിയ കാലത്ത് അടുത്ത സുഹൃത്തുക്കളിൽ നിന്ന് പോലും രൂക്ഷമായ വിമർശനങ്ങളാണ് രേണുവിന് നേരിടേണ്ടി വന്നത്.
പലരും വർഷങ്ങളോളം പരിശ്രമിച്ച് എത്തുന്ന ബിഗ് ബോസ് വേദിയിലേക്ക് രേണുവിന് ലഭിച്ചത് നേരിട്ടുള്ള ക്ഷണമായിരുന്നു. 35 ദിവസം ആ വീട്ടിൽ നിൽക്കാൻ സാധിച്ചതും അവിടുത്തെ അനുഭവങ്ങളും തന്റെ കരിയറിന് നേട്ടങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ എന്ന് രേണു വിശ്വസിക്കുന്നു. ബിഗ് ബോസിന് ശേഷം സിനിമയിലും ഉദ്ഘാടന വേദികളിലും രേണുവിന് തിരക്കേറി.
‘‘കോടികളൊന്നും സമ്പാദ്യമില്ലെങ്കിലും ഇന്ന് കടം വാങ്ങേണ്ട അവസ്ഥയില്ല. ഒരു പെൺകുട്ടി മാനേജറായി കൂടെയുണ്ട് — കാര്യങ്ങളെല്ലാം അവളാണ് നോക്കുന്നത്,’’ തന്റെ മാറ്റത്തെക്കുറിച്ച് രേണുപറയുന്നു.
അഭിമുഖങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട രേണു ഇതിനോടകം മൂന്ന് സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ‘കുരുവി പാപ്പ’യ്ക്ക് ശേഷം ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ശ്രദ്ധേയമായ വേഷമാണ് രേണു അവതരിപ്പിക്കുന്നത്.
















