മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി (81) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. ഇന്ന് പുലർച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലായിരുന്നു അന്ത്യം.
അദ്ദേഹത്തിന്‍റെ ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് മണി വരെ പൂനെ എരണ്ട്വാനയിലെ കൽമാഡി ഹൗസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം 3.30ന് വൈകുണ്ഠ് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് ഓഫീസ് അറിയിച്ചു.
പൂനെയിൽ നിന്നുള്ള കരുത്തനായ രാഷ്ട്രീയ നേതാവായിരുന്ന കൽമാഡി, റെയിൽവേ സഹമന്ത്രിയായും ദീർഘകാലം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂനെയിൽ നിന്ന് ഒന്നിലധികം തവണ അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ 2010ലെ കോമൺവെൽത്ത് ഗെയിംസ് അഴിമതി കേസ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി.
ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അന്വേഷണത്തിനു വിധേയനാവുകയും 2011 ഏപ്രിലിൽ അറസ്റ്റിലാവുകയും ചെയ്തു. ആരോപണങ്ങളെ തുടർന്ന് കോൺഗ്രസിൽനിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.
















