പറവൂർ പുത്തൻകുളത്ത് യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം ചൊവ്വര കോട്ടുകലിൽ രാഹുൽ ഭവനിൽ ആർ.വി.രാഹുലിനെയാണ് (30) പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 5 തിയതിയായിരുന്നു ഭർത്താവിന്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്തത്. തുടർന്ന് പറവൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ കുടുംബ പ്രശ്നങ്ങൾ കൊണ്ടല്ല ആത്മഹത്യ എന്നു കണ്ടെത്തി.
തുടർന്ന് യുവതിയുടെ ഫോൺ കോളുകളും മെസേജുകളും പരിശോധിച്ചപ്പോഴാണ് ആത്മഹത്യ നടന്ന ദിവസം പ്രതി യുവതിയുമായി ഒരു മണിക്കൂറോളം വിഡിയോ കോൾ ചെയ്തതായി പൊലീസ് കണ്ടെത്തിയത്. കൂടാതെ മെസ്സേജുകളിൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നതായും കണ്ടെത്തി.
തുടർന്ന് രാഹുലിന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് വിഴിഞ്ഞം അടിമല തുറയിൽ ഉളളതായി കണ്ടെത്തി. ഇയാൾ കഞ്ചാവും ലഹരിയും ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















