വയനാട് സുൽത്താൻബത്തേരിയിൽ ലീഗ് നേതാക്കൾക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ നേതാവ്. സിപിഎം പ്രവർത്തകരുടെ മേൽ കുതിര കയറാൻ വന്നാൽ മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വരണമെന്നാണ് നേതാവിന്റെ ഭീഷണി.
ഡിവൈഎഫ്ഐ മുൻ വയനാട് ട്രഷറർ ലിജോ ജോണിയാണ് കൊലവിളി നടത്തിയിരിക്കുന്നത്. ജനുവരി ഒന്നാം തീയതിയാണ് സംഭവം. ലീഗ് പ്രവർത്തകരുടെ കൈ തല്ലിയൊടിച്ചു ജയിലിൽ പോയ സിപിഎം പ്രവർത്തകർക്ക് സ്വീകരണം നൽകിയ യോഗത്തിലാണ് ലിജോ ഭീഷണി പ്രസംഗം നടത്തിയത്.
മുസ്ലിം ലീഗിന്റെ തെമ്മാടിപ്പടയുടെ നെഞ്ചൂക്കിനും അഹങ്കാരത്തിനും മറുപടി കൊടുത്തിട്ടാണ് സഖാക്കൾ ജയിലിൽ പോയത്. ജയിലിൽ കിടന്ന ലീഗിന്റെ പ്രവർത്തകർ നാലുനേരം കരയുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഗാന്ധി ജങ്ഷനിൽ വെച്ച് രണ്ടുമാസംമുൻപല്ലേ ലീഗിന്റെ നേതാക്കന്മാരെ പട്ടിയെ അടിക്കുംപോലെ സിപിഎം പ്രവർത്തകർ അടിച്ചോടിച്ചത്. അതുകൊണ്ട് തൃപ്തിയായിട്ടില്ല. മുസ്ലിം ലീഗ് ആക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നും ലിജോ പറയുന്നു.
















