പ്രേക്ഷകരുടെ ആകാംക്ഷയുടെ കൊടുമുടിയിലെത്തിച്ചുകൊണ്ട് പ്രഭാസ് ചിത്രം ‘രാജാ സാബ്’ ജനുവരി 9-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിനോടനുബന്ധിച്ച് ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങിയത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
ഒരു കാലത്ത് ഡിസ്കോ ഡാൻസ് ഫ്ലോറുകളിൽ തരംഗമായിരുന്ന ‘ഔവ്വ ഔവ്വ നാച്ചെ നാച്ചെ’ എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്സ് പതിപ്പാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ബപ്പി ലാഹിരി – ഉഷ ഉതുപ്പ് കൂട്ടുകെട്ടിൽ പിറന്ന വിഖ്യാത ഗാനത്തിന് പുതിയ താളവും ഭാവവും നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ തമൻ. എസ് ആണ്.
പ്രഭാസിനൊപ്പം മൂന്ന് സുന്ദരിമാർ ചടുലമായ ചുവടുകളുമായി എത്തുന്ന ‘ഔവ്വ ഔവ്വ’ ഇതിനകം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിക്കഴിഞ്ഞു. തമൻ, നകാഷ് അസിസ്, ബൃന്ദ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പ്രേക്ഷകരുടെ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നതിൽ ഈ ഗാനം വലിയ പങ്കുവഹിച്ചു.
മുമ്പ് കണ്ടിട്ടില്ലാത്ത വേറിട്ട ലുക്കിലും സ്റ്റൈലിലുമാണ് ചിത്രത്തിൽ പ്രഭാസ് ഇരട്ടവേഷത്തിൽ എത്തുന്നത്. ഐതിഹ്യങ്ങളെയും മിത്തുകളെയും സമന്വയിപ്പിച്ചുകൊണ്ട് ഒരുക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് മാസ് എന്റർടൈനർ ആയിരിക്കും എന്ന സൂചന ട്രെയിലർ 2.0 നൽകുന്നുണ്ട്.
ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ് എന്നിവർക്കൊപ്പം മാളവിക മോഹനൻ, നിധി അഗർവാൾ, റിദ്ധി കുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വിഎഫ്എക്‌സ് ദൃശ്യങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിന് പിന്നിൽ ‘ബാഹുബലി’ ഫെയിം ആർ.സി. കമൽ കണ്ണനാണ് പ്രവർത്തിച്ചിരിക്കുന്നത്.
മാരുതി സംവിധാനം ചെയ്യുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ‘രാജാ സാബ്’ പാൻ ഇന്ത്യൻ തലത്തിൽ റിലീസിനെത്തും.
വമ്പൻ റിലീസായെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പ്രമുഖ നിർമ്മാണ കമ്പനിയായ ഗോകുലം മൂവീസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി 9 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘രാജാ സാബി’ന്റെ സംഹാര താണ്ഡവം ആരംഭിക്കും.
















