മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ വിയോഗം സംഭവിച്ചിരിക്കുന്നു. ഒരു പൊതു പ്രവർത്തകന്റെ ജീവിതത്തിന് തിരശ്ശീലയിടുമ്പോൾ, ഉത്തരമില്ലാതെ അവശേഷിക്കുന്ന ചില ചോദ്യങ്ങൾമാത്രം ബാക്കിയാകുന്നു. പാലാരിവട്ടം പാലം അഴിമതിക്കേസ് ഇബ്രാഹിം കുഞ്ഞിന്റെ രാഷ്ട്രീയ ജീവിതത്തിലെ തീരാ കളങ്കമായി അടയാളപ്പെടുത്തിയ ഒന്നാണ്. കേരള രാഷ്ട്രീയം ഒരുപാട് ചർച്ച ചെയ്ത ആ കേസ് , അദ്ദേഹത്തിന്റെ അവസാന നാളുകളിൽ കനൽപോലെ പിന്തുടരുകയായിരുന്നു എന്നാണ് വസ്തുതയാണ്. അറിയേണ്ടത് ഒന്ന് മാത്രം ഇബ്രാഹിം കുഞ്ഞു അഴിമതിക്കാരനായിരുന്നോ? അതോ രാഷ്ട്രീയ പകപോക്കലോ?
ഒരുകാലത്ത് വികസനത്തിന്റെ മുഖമായി നിലകൊണ്ട ഒരു രാഷ്ട്രീയ നേതാവ്, അധികാര ദുർവിനിയോഗത്തിന്റെയും അഴിമതിയുടെയും പേരിൽ കേസിൽ പ്രതിയായി, ചികിത്സയിലിരിക്കെ കസ്റ്റഡിയിലെടുക്കപ്പെട്ട ആ ദിവസങ്ങൾ! ഒരു പൊതുപ്രവർത്തകന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ആ മാനസിക സംഘർഷങ്ങൾ. ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം നേടി പുറത്തുവന്നിട്ടും, അദ്ദേഹത്തിന് നഷ്ടങ്ങൾ ഏറെ ആയിരുന്നു. കേസിന്റെ കുരുക്കഴിയാതെ തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹം വിടവാങ്ങുന്നത്. വികസനത്തിന്റെ മുഖമായി നിന്നിരുന്ന വെക്തി പെട്ടന്നാണ് താഴ്ചയിലേക്ക് കൂപ്പുകുത്തിയത്.
വി.കെ. ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ നിർമ്മിച്ച പാലാരിവട്ടം മേൽപ്പാലം, ഉദ്ഘാടനം ചെയ്ത് മാസങ്ങൾക്കകം തകരാറിലായതോടെയാണ് വിവാദങ്ങളുടെ തുടക്കം. ‘പഞ്ചവടിപ്പാലം’ എന്ന് പരിഹാസത്തോടെ വിളിക്കപ്പെട്ട ഈ നിർമ്മിതി, 42 കോടി രൂപയുടെ പൊതുമുതൽ പാഴാക്കിയെന്ന ആരോപണത്തിന് വഴിവച്ചു. കരാറുകാരായ ആർ.ഡി.എസ്സിന്, അന്നത്തെ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ശുപാർശ പ്രകാരം ചട്ടം ലംഘിച്ച് 8.25 കോടി രൂപ മുൻകൂറായി നൽകി എന്നായിരുന്നു ആക്ഷേപം.
ഈ നീക്കമാണ് പാലത്തിന്റെ നിലവാരമില്ലാത്ത നിർമ്മാണത്തിന് വഴിയൊരുക്കിയതെന്നാണ് വിജിലൻസ് കണ്ടെത്തിയത്. വിജിലൻസ് അന്വേഷണം അതിവേഗം നടന്നു. മുൻ പി.ഡബ്ല്യു.ഡി സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതിചേർത്തു. ടി.ഒ. സൂരജിന്റെ വെളിപ്പെടുത്തലുകൾ കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു. ഇതോടെ അധികാര ദുർവിനിയോഗം, അഴിമതി, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി വിജിലൻസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
വിജിലൻസ് സംഘം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത ആ രംഗങ്ങൾ കേരളം കണ്ടു. ആരോഗ്യകാരണങ്ങളാൽ ജാമ്യം നേടിയിട്ടും, പൊതുപരിപാടികളിൽ പങ്കെടുത്തതിനെ തുടർന്ന് ഹൈക്കോടതിയുടെ വിമർശനവും അദ്ദേഹത്തിന് നേരിടേണ്ടി വന്നു.
എന്നാൽ, കേസ് ആരംഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസിന് കഴിഞ്ഞില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മുൻമന്ത്രി, ഐ.എ.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രതികളായതിനാൽ വിചാരണ ആരംഭിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രോസിക്യൂഷൻ അനുമതി ആവശ്യമുണ്ടായിരുന്നു.
വിജിലൻസ് അന്വേഷണം പൂർത്തിയാക്കി മൂന്ന് വർഷം മുമ്പ് കുറ്റപത്രം തയ്യാറാക്കിയെങ്കിലും, ഈ അനുമതി ലഭിക്കാത്തതിനാൽ കേസ് മുന്നോട്ട് പോകാതെ കൊച്ചിയിലെ വിജിലൻസ് യൂണിറ്റിൽ പൊടിപിടിച്ച് കിടക്കുകയാണ്. മുൻ മന്ത്രിയുടെ ഫയൽ സംശയനിവാരണത്തിനായി ലോക്ഭവൻ സർക്കാരിലേക്ക് തിരികെ അയച്ചതായും, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഫയലുകൾ ദില്ലിയിൽ തുടർനടപടികൾ കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്.
അതേസമയം, പാലാരിവട്ടം അഴിമതിയിൽ ലഭിച്ച പണം ‘ചന്ദ്രിക’ ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം തുടരുകയായിരുന്നു. ഈ അന്വേഷണത്തിന് ഹൈക്കോടതി അടുത്തിടെ അനുമതി നൽകിയിരുന്നു.
കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള ഇ.ഡി.യുടെ അന്വേഷണവും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള നിയമക്കുരുക്ക് മുറുക്കുന്നതായിരുന്നു. കേസിൽ താൻ കുറ്റക്കാരനാണോ അല്ലയോ എന്ന് നിയമപരമായി തെളിയിക്കപ്പെടുന്നതിന് മുൻപ് അദ്ദേഹം വിടവാങ്ങിയതോടെ, കുറ്റപത്രം സമർപ്പിക്കാൻ അനുമതി ലഭിക്കാതെ കേസ് വൈകിപ്പിച്ചതിന് ആര് ഉത്തരം പറയുമെന്ന ചോദ്യം പ്രസക്തമാവുകയാണ്.
ഈ ദീർഘമായ നിയമപോരാട്ടത്തിൽ അദ്ദേഹം അനുഭവിച്ച മാനസിക സംഘർഷങ്ങൾക്കും ദുരിതങ്ങൾക്കും ആര് മറുപടി നൽകും എന്ന ചോദ്യം പൊതുസമൂഹത്തിൽ ബാക്കിയാവുകയാണ്.
















