വിവാഹസമയത്ത് കഷണ്ടി മറച്ചുവെച്ച് വഞ്ചിച്ചെന്നും പിന്നീട് ക്രൂരമായി പീഡിപ്പിച്ചെന്നും ആരോപിച്ച് ഭർത്താവിനെതിരെ യുവതി പൊലീസിൽ പരാതി നൽകി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ഭർത്താവ് ഉൾപ്പെടെ അഞ്ച് കുടുംബാംഗങ്ങൾക്കെതിരെ പോലീസ് കേസെടുത്തു. വിവാഹത്തിനു മുൻപ് ഇയാൾ വിഗ്ഗ് ധരിച്ചാണ് എത്തിയത്. ചെറിയരീതിയിലുള്ള മുടികൊഴിച്ചിൽ മാത്രമാണ് ഉള്ളതെന്നാണ് യുവതിയോട് പറഞ്ഞിരുന്നത്. എന്നാൽ വിവാഹ ശേഷം ഭർതൃവീട്ടിൽ എത്തിയപ്പോഴാണ് ഭർത്താവിന് കഷണ്ടിയുള്ളതായി യുവതി കണ്ടെത്തിയത്. തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് യുവതി ഭർത്താവിനെ ചോദ്യം ചെയ്തു. തുടർന്ന് ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും സ്വഭാവം മാറിയതായും യുവതി പറഞ്ഞു. പിന്നീട് തന്റെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും, പണം നല്‍കിയില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഭർതൃമാതാപിതാക്കളും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. 15 ലക്ഷം വില വരുന്ന സ്വർണ്ണാഭരണങ്ങൾ അവർ കൈക്കലാക്കിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.
















